Football in Malayalam

മാഞ്ചസ്റ്റർ സിറ്റി വിടുന്ന അഗ്യൂറോ ചേക്കേറാൻ സാധ്യതയുള്ള മൂന്നു ക്ലബുകൾ

Sreejith N
Manchester City v Southampton - Premier League
Manchester City v Southampton - Premier League / Gareth Copley/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസമാണ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ സെർജിയോ അഗ്യൂറോ അടുത്ത സീസൺ മുതൽ ടീമിലുണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സീസണിന്റെ അവസാനം ക്ലബുമായുള്ള കരാർ അവസാനിക്കുന്ന താരവുമായി കോൺട്രാക്‌ട് പുതുക്കുന്നില്ലെന്നു തീരുമാനിച്ചതോടെ സിറ്റി കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് പടിയിറങ്ങാൻ പോകുന്നത്.

2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ അർജന്റീനിയൻ താരം ഗോളുകൾ അടിച്ചു കൂട്ടി നിരവധി കിരീടങ്ങൾ സിറ്റിക്ക് സ്വന്തമാക്കി നൽകുന്നതിനു നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പരിക്ക് മൂലം ഈ സീസണിന്റെ ഭൂരിഭാഗവും നഷ്ടമായ അഗ്യൂറോയുടെ അടുത്ത ലക്ഷ്യം എവിടെക്കായിരിക്കുമെന്ന ചർച്ചകൾ ഉയരുമ്പോൾ അർജന്റീനിയൻ താരം ഇനി ചേക്കേറാൻ സാധ്യതയുള്ള മൂന്നു ക്ലബുകളെയാണ് ഇവിടെ പരാമർശിക്കുന്നത്.

1. ബാഴ്‌സലോണ

Sergio Aguero, Sergio Busquets
Manchester City FC v FC Barcelona - UEFA Champions League / Matthew Ashton - AMA/Getty Images

മാഞ്ചസ്റ്റർ സിറ്റിയിൽ അഗ്യൂറോ തുടരില്ലെന്ന് ഉറപ്പായതോടെ അടുത്ത സമ്മറിൽ താരത്തെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ക്ലബായി ബാഴ്‌സലോണ മാറിയിട്ടുണ്ട്. മെസിയെ ടീമിൽ നിലനിർത്തുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി താരത്തിന്റെ ഉറ്റ സുഹൃത്തായ അഗ്യൂറോയെ കറ്റാലൻ ക്ലബിലെത്തിക്കാൻ പ്രസിഡന്റ് ലപോർട്ട നേരത്തെ കരുക്കൾ നീക്കിയിട്ടുണ്ട്. അഗ്യൂറോ ബാഴ്‌സലോണയുമായി കരാറിലെത്തിയെന്ന റിപ്പോർട്ടുകൾ വരെ യൂറോപ്യൻ മാധ്യമങ്ങളിൽ ചിലർ പുറത്തു വിട്ടിരുന്നു.

2. പിഎസ്‌ജി

Thiago Silva, Sergio Aguero
Manchester City FC v Paris Saint-Germain - UEFA Champions League Quarter Final: Second Leg / Alex Livesey/Getty Images

നെയ്‌മർ, എംബാപ്പെ എന്നിവരിലൊരാൾ ഈ സീസണു ശേഷം ക്ലബ് വിടുകയാണെങ്കിൽ അഗ്യൂറോയെ പിഎസ്‌ജി സ്വന്തമാക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. പരിക്ക് മൂലം ഈ സീസണിൽ ഫോം നഷ്ടം സംഭവിച്ചെങ്കിലും മികവ് വീണ്ടെടുത്താൽ സീസണിൽ ധാരാളം ഗോളുകൾ ഓഫർ ചെയ്യുന്ന താരത്തെ ഒരു ക്ലബും നഷ്ടപ്പെടുത്താൻ സാധ്യതയില്ല. അർജന്റീനിയൻ പരിശീലകൻ പോച്ചട്ടിനോയുടെ സാന്നിധ്യവും അഗ്യൂറോ പിഎസ്‌ജിയിൽ എത്താനുള്ള സാധ്യതകളെ വർധിപ്പിക്കുന്നു.

3. ചെൽസി

Sergio Aguero
Manchester City v Chelsea FC - Premier League / Visionhaus/Getty Images

പ്രീമിയർ ലീഗിലെ ഒരു ക്ലബ്ബിലേക്ക് അഗ്യൂറോ ചേക്കേറാനുള്ള സാധ്യത കുറവാണെങ്കിലും അങ്ങിനെ സംഭവിച്ചാൽ അത് ചെൽസിയിലേക്ക് തന്നെയായിരിക്കും. ടിമോ വെർണറുടെ സൈനിങ്‌ ഉദ്ദേശിച്ച ഫലം കാണാത്തതു കൊണ്ടു തന്നെ മികച്ചൊരു സ്‌ട്രൈക്കറെ ചെൽസിക്കിപ്പോൾ അത്യാവശ്യമാണ്. പ്രീമിയർ ലീഗിൽ വളരെയധികം പരിചയ സമ്പത്തുള്ള അഗ്യൂറോക്ക് വേണ്ടി അതുകൊണ്ടു തന്നെ ചെൽസി ശ്രമം നടത്തിയേക്കും.

facebooktwitterreddit