മാഗ്വയറിന്റെ നായകസ്ഥാനം നഷ്ടമായേക്കും, റൊണാൾഡൊയടക്കം മൂന്നു പേർ പരിഗണനയിൽ


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം എറിക് ടെൻ ഹാഗ് ഏറ്റെടുത്തതിനു പിന്നാലെ പ്രതിരോധതാരമായ ഹാരി മാഗ്വയറിന് ടീമിന്റെ നായകസ്ഥാനം നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. വരുന്ന സീസണിൽ ഇംഗ്ലണ്ട് താരത്തിനു പകരം റൊണാൾഡോ ഉൾപ്പെടെ മൂന്നു പേരെ ഡച്ച് പരിശീലകൻ ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന് ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്യുന്നു.
എറിക് ടെൻ ഹാഗ് പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നത് തീർച്ചയാണ്. നിലവിൽ ടീമിലുള്ള ചില താരങ്ങളെ അടുത്ത സീസണിലേക്ക് അദ്ദേഹം പരിഗണിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഇപ്പോൾ തന്നെയുണ്ട്. അതിനു പുറമെയാണ് മാഗ്വയറുടെ നായകസ്ഥാനം പോകുമെന്ന വാർത്തകളും പുറത്തു വരുന്നത്.
Manchester United manager Erik ten Hag may be set to take the club captaincy off of Harry Maguire with Cristiano Ronaldo in the frame to replace him. https://t.co/7Ez893xilm
— Sportskeeda Football (@skworldfootball) May 25, 2022
2019ൽ ലൈസ്റ്റർ സിറ്റിയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ മാഗ്വയർ 2020 ജനുവരിയിലാണ് ക്ലബിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ആ സമയത്തു തന്നെ പലരും അതിനെ ചോദ്യം ചെയ്തിരുന്നു. ഈ സീസണിൽ മാഗ്വയറിന്റെ പ്രകടനം മോശമാവുക കൂടി ചെയ്തതോടെ താരത്തിന് ടീമിനെ നയിക്കാൻ കഴിയില്ലെന്ന അഭിപ്രായം ശക്തമാവുകയും ചെയ്തു.
മാഗ്വയറിനു പകരം നായകനായി ടീമിന്റെ പ്രധാന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് എറിക് ടെൻ ഹാഗ് പരിഗണിക്കുന്നത്. ഇതിനു പുറമെ ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയ, മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ് എന്നിവരും അദ്ദേഹത്തിന്റെ മനസിലുണ്ട്. ഈ മൂന്നു പേരും ഈ സീസണിൽ മാഗ്വയർ ഇല്ലാത്ത മത്സരങ്ങളിൽ ടീമിന്റെ ആംബാൻഡ് അണിഞ്ഞിരുന്നു.
ഒരു നായകനെന്ന നിലയിലുള്ള സമ്മർദ്ദം മാഗ്വയറിന്റെ മൈതാനത്തെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന അഭിപ്രായം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ തന്നെ പലരും അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ടെൻ ഹാഗിന്റെ ഈ നീക്കം മാഗ്വയറിന് മികച്ച പ്രകടനം നടത്താൻ സഹായിക്കും എന്നു കൂടി പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.