Football in Malayalam

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് സ്വന്തമാക്കേണ്ട മൂന്നു താരങ്ങൾ

Sreejith N
TOPSHOT-FBL-EURO-2020-2021-MATCH41-FRA-SUI
TOPSHOT-FBL-EURO-2020-2021-MATCH41-FRA-SUI / FRANCK FIFE/Getty Images
facebooktwitterreddit

ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കഴിഞ്ഞ സീസണിന്റെ നിരാശയെ മറികടക്കാനാണ് ഈ സീസണിന് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. എന്നാൽ പുതിയ സീസണു മുന്നോടിയായി ടീമിനെ കൂടുതൽ കരുത്തുറ്റതാക്കേണ്ടത് ലോസ് ബ്ലാങ്കോസിന് ആവശ്യമാണ്. ടീമിനെ മുന്നിൽ നിന്നു നയിച്ചിരുന്ന നായകൻ സെർജിയോ റാമോസ് ക്ലബ് വിട്ടതിനു പുറമെ പ്രതിരോധത്തിലെ മറ്റൊരു പ്രധാന താരമായ റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതും റയലിന് മുന്നിൽ വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്‌.

സിദാൻ ക്ലബ് വിട്ട ഒഴിവിലേക്ക് മുൻപ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത കാർലോ ആൻസലോട്ടി പരിശീലകനായി എത്തിയതും ബയേൺ മ്യൂണിക്കിൽ നിന്നും ഡേവിഡ് അലബ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബിലേക്ക് വന്നതുമെല്ലാം റയലിന് ആശ്വാസമാണെങ്കിലും കഴിഞ്ഞ സീസണിലെ തിരിച്ചടികളെ മറികടന്ന് കിരീടങ്ങൾക്കായി പൊരുതാൻ റയലിന് ടീമിന്റെ വിവിധ മേഖലകളെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. യൂറോപ്പിൽ വീണ്ടും കരുത്തു കാണിക്കാനും അത്ലറ്റികോ, ബാഴ്‌സ എന്നിവരുടെ വെല്ലുവിളികളെ മറികടന്ന് ലാ ലിഗ കിരീടം സ്വന്തമാക്കാനും റയൽ ടീമിലെത്തിക്കേണ്ട പ്രധാന മൂന്നു താരങ്ങൾ ഇവരാണ്:

1. ജൂൾസ് കൂണ്ടെ (സെവിയ്യ)

Jules Kounde
France Training Session / John Berry/Getty Images

സിദാൻ പരിശീലകനായിരിക്കുമ്പോൾ റയൽ മാഡ്രിഡിൽ എത്തിക്കാൻ വളരെയധികം ആഗ്രഹിച്ച കളിക്കാരനാണ് ജൂൾസ് കൂണ്ടെ. സെവിയ്യക്കൊപ്പം കഴിഞ്ഞ രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുന്ന കൂണ്ടെ യൂറോപ്പിലെ നിരവധി മുൻനിര ക്ലബുകളുടെ നോട്ടപ്പുള്ളിയാണ്. റാമോസും വരാനെയും ഒഴിച്ചിട്ടു പോകുന്ന റയൽ പ്രതിരോധത്തെ കരുത്തുറ്റതാക്കാൻ എഡർ മിലിറ്റാവോക്കും ഡേവിഡ് അലബാക്കുമൊപ്പം സ്‌പാനിഷ്‌ ലീഗിനെ നന്നായി അറിയാവുന്ന കൂണ്ടെ കൂടിയെത്തിയാൽ അതു റയലിനു പുതിയൊരുണർവാകും. എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തിനായി റയൽ ഇതുവരെയും ശ്രമം നടത്തിയിട്ടില്ല.

2. കെയ്‌ലിയൻ എംബാപ്പെ (പിഎസ്‌ജി)

Kylian Mbappe
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

റയൽ മാഡ്രിഡ് വളരെക്കാലമായി ആഗ്രഹിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരത്തിന്റെ ട്രാൻസ്‌ഫർ ഇത്തവണ നടക്കാൻ വളരെയധികം സാധ്യതയുണ്ട്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പെ ഇനി കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് പരിശീലകൻ പോച്ചറ്റിനോയെ അറിയിച്ചുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങിനെയാണെങ്കിൽ എംബാപ്പ റയൽ മാഡ്രിഡിൽ തന്നെയാവും അടുത്ത സീസൺ കളിക്കുക. റൊണാൾഡോ ടീം വിട്ടതോടെ ഗോളകൾ അടിച്ചു കൂട്ടാൻ പഴയതു പോലെ കഴിഞ്ഞിട്ടില്ലാത്ത റയൽ മുന്നേറ്റനിരക്ക് എംബാപ്പയുടെ വേഗതയും കൃത്യതയും കൂടുതൽ കരുത്തു പകരും.

3. പോൾ പോഗ്ബ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

Paul Pogba
France v Switzerland - UEFA Euro 2020: Round of 16 / Daniel Mihailescu - Pool/Getty Images

ലൂക്ക മോഡ്രിച്ചിന്റെ പ്രായം കണക്കിലെടുക്കുമ്പോൾ അടുത്ത സീസൺ കൂടിയേ താരം റയൽ മാഡ്രിഡിൽ തുടരാനുള്ള സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ ക്രൊയേഷ്യൻ താരത്തിന് പകരക്കാരനായി മികച്ചൊരു മിഡ്‌ഫീൽഡറെ ടീമിന്റെ ഭാഗമാക്കേണ്ടത് റയലിന് അത്യാവശ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന പോഗ്ബക്ക് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ താരത്തെ സ്വന്തമാക്കുക റയലിനെ സംബന്ധിച്ച് നടപ്പിലാക്കാൻ കഴിയുന്ന കാര്യമാണ്. എന്നാൽ പിഎസ്‌ജിയുടെ കനത്ത വെല്ലുവിളി ഇക്കാര്യത്തിൽ മറികടക്കേണ്ടി വരും.


facebooktwitterreddit