സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറപ്പായും ടീമിലെത്തിക്കേണ്ട 3 താരങ്ങൾ

വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിന് ചൂടുപിടിച്ചിരിക്കുന്നു. ക്ലബ്ബുകളെല്ലാം അടുത്ത സീസണ് മുന്നോടിയായി തങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ തകൃതിയായി നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇംഗ്ലീഷ് സൂപ്പർ താരം ജേഡൻ സാഞ്ചോയെ ടീമിലെത്തിച്ച് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും മികച്ച നീക്കങ്ങളിലൊന്നാണ് നടത്തിയിരിക്കുന്നത്.
ആരാധകർക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്ന ഇടപെടലുകളാണ് ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ റെഡ് ഡെവിൾസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരാധകർ കാത്തിരുന്നത് പോലെ സാഞ്ചോയെ റാഞ്ചിയ ക്ലബ്ബ് മറ്റ് ചില സൂപ്പർ താരങ്ങളെയും നോട്ടമിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്ലബ്ബ് ഇക്കുറി ഉറപ്പായും ടീമിലെത്തിക്കേണ്ട 3 താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കുകയാണ് 90 Min.
1. റാഫേൽ വരാനെ
റയൽ മാഡ്രിഡ് താരമായ റാഫേൽ വരാനെ ഇക്കുറി മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മാഡ്രിഡ് ക്ലബ്ബുമായി ഒരു വർഷത്തെ കരാർ ബാക്കിയുള്ള ഈ ഫ്രഞ്ച് താരം ക്ലബ്ബ് മുന്നോട്ട് വെച്ച പുതിയ കരാറിൽ ഒപ്പുവെക്കാൻ കഴിഞ്ഞയിടക്ക് വിസമ്മതിച്ചിരുന്നു. ഇത് അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കങ്ങൾക്ക് കൂടുതൽ ആവേശം പകർന്നിട്ടുണ്ട്. അടുത്ത് തന്നെ താരത്തിന് വേണ്ടി റയൽ മാഡ്രിഡിന് ബിഡ് സമർപ്പിക്കാനുള്ള പദ്ധതികളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വരാനെയെ സ്വന്തമാക്കാനായാൽ തങ്ങളുടെ സെന്റർ ബാക്ക് സ്ഥാനം ഭദ്രമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.
2. കീറൻ ട്രിപ്പിയർ
നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായ കീറൻ ട്രിപ്പിയർ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്. ആരോൺ വാൻ ബിസാക്കയേക്കാൾ ആക്രമണാത്മക മികവുള്ള ഫുൾ ബാക്ക് താരമാണ് ട്രിപ്പിയർ. ഇത് കൊണ്ടു തന്നെ വിംഗുകളിലൂടെയുള്ള ടീമിന്റെ ആക്രമണത്തിന് വളരെ മികച്ച രീതിയിൽ തുടക്കമിടാൻ അദ്ദേഹത്തിന് കഴിയും. താരത്തിന്റെ പരിചയസമ്പത്തും താരതമ്യേന ചെറുപ്പമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിന് കരുത്തേകും
3. എഡ്വേർഡോ കാമവിംഗ
നിലവിൽ ഫ്രഞ്ച് ക്ലബ്ബായ റെന്നസിന്റെ താരമാണ് പതിനെട്ടുകാരനായ എഡ്വേർഡോ കാമവിംഗ. ലോകത്തെ ഏറ്റവും മികച്ച യുവ മിഡ്ഫീൽഡർമാരിലൊരാളെന്ന വിശേഷണം നേടിക്കഴിഞ്ഞ ഈ ഫ്രഞ്ച് താരത്തിന്റെ ടാക്ലിംഗ് മികവാണ് എടുത്തു പറയേണ്ടത്. 18 വയസ് മാത്രമേ പ്രായമുള്ളൂവെന്നതിനാൽ മധ്യനിരയിൽ ഒരു ദീർഘകാല ഓപ്ഷനായി യുണൈറ്റഡിന് കാമവിംഗയെ കാണാം. 30 മില്ല്യൺ യൂറോയാണ് താരത്തിന് റെനസ് ഇട്ടിരിക്കുന്ന വിലയെന്നാണ് സൂചനകൾ. എന്തു തന്നെയായാലും സെൻട്രൽ മിഡ്ഫീൽഡറായും, ഡിഫൻസീവ് മിഡ് ഫീൽഡറായും ഒരു പോലെ തിളങ്ങാൻ മികവുള്ള കാമവിംഗയെ ടീമിലെത്തിക്കാനായാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല.