Football in Malayalam

2021ലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫിക്കായി മെസി നൽകിയ മൂന്നു വോട്ടുകൾ ഈ താരങ്ങൾക്ക്

Sreejith N
FC Barcelona v Getafe CF - La Liga Santander
FC Barcelona v Getafe CF - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വളരെയധികം ആഹ്ലാദം നൽകിയതായിരുന്നു ഈ വർഷത്തെ ബാലൺ ഡി ഓർ ചടങ്ങ്. ബാഴ്‌സലോണയുടെ മുൻ നായകനായ ലയണൽ മെസി പുരുഷവിഭാഗം ബാലൺ ഡി ഓർ നേടിയപ്പോൾ വനിതാ വിഭാഗത്തിൽ ക്ലബിന്റെ തന്നെ അലെക്‌സിയ പുട്ടെയാസാണ് അവാർഡിനർഹമായത്. ഇതിനു പുറമെ മധ്യനിര താരം പെഡ്രി മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി നേടുകയും ചെയ്‌തു.

അർജന്റീന ദേശീയ ടീമിന്റെ നായകനായതിനാൽ 2021ലെ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫിക്ക് ലയണൽ മെസിക്കും വോട്ടു ചെയ്യാൻ കഴിയുമായിരുന്നു. നിലവിൽ പിഎസ്‌ജിയിൽ കളിക്കുന്ന താരം നൽകിയ മൂന്നു വോട്ടുകൾ സ്‌പാനിഷ്‌ മാധ്യമമായ സ്‌പോർട് കഴിഞ്ഞ ദിവസം പുറത്തു വിടുകയുമുണ്ടായി.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയിൽ തന്റെ സഹതാരമായിരുന്ന പെഡ്രിക്കു തന്നെയാണ് ലയണൽ മെസി ആദ്യത്തെ വോട്ട് നൽകിയത്. രണ്ടാമത്തെ വോട്ട് പിഎസ്‌ജിയിൽ ഇപ്പോൾ ഒപ്പം കളിച്ചു കൊണ്ടിരിക്കുന്ന പോർച്ചുഗീസ് ഫുൾ ബാക്കായ നുനോ മെൻഡസിന് നൽകിയ താരം മൂന്നാമത്തെ വോട്ട് ബൊറൂസിയ ഡോർട്മുണ്ടിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്‌ഹാമിനാണ് നൽകിയത്.

കോപ്പ ട്രോഫി പെഡ്രിക്കാണെന്ന പ്രഖ്യാപനം വന്നപ്പോൾ സദസ്സിലിരിക്കുന്ന മെസി വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. അവാർഡ് ഏറ്റു വാങ്ങിയതിനു ശേഷം പെഡ്രി ലയണൽ മെസി തനിക്കു നൽകിയ പിന്തുണക്ക് നന്ദി പറയുകയും ചെയ്‌തിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കു വേണ്ടിയും സ്പെയിനു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പത്തൊമ്പതുകാരനായ പെഡ്രിയെ അവാർഡിന് അർഹനാക്കിയത്.

facebooktwitterreddit