സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി സ്വന്തമാക്കേണ്ട മൂന്നു താരങ്ങൾ


തോമസ് ടുഷെൽ പരിശീലകനായി എത്തിയതോടെ ചെൽസിയുടെ ഉയർത്തെഴുന്നേൽപ്പാണ് കഴിഞ്ഞ സീസണിന്റെ രണ്ടാം പാദത്തിൽ കണ്ടത്. ലാംപാർഡിനു കീഴിൽ മോശം ഫോമിലായിരുന്ന ടീമിനെ അഴിച്ചു പണിഞ്ഞ ജർമൻ പരിശീലകൻ അവരെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കും നയിക്കുകയുണ്ടായി. കഴിഞ്ഞ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമായ മാഞ്ചസ്റ്റർ സിറ്റിയെ മൂന്നു തവണയാണ് ടുഷലിന്റെ ചെൽസി തോൽപ്പിച്ചതെന്നതും എടുത്തു പറയേണ്ട നേട്ടം തന്നെയാണ്.
ടുഷെലിനു കീഴിൽ ചെൽസി പുതിയ സീസണിൽ ഇറങ്ങാനിരിക്കെ ആരാധകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ടീമിന് ഈ സീസണിൽ യൂറോപ്പിനെ അടക്കി ഭരിക്കാൻ കരുത്തുണ്ടെന്നതിൽ സംശയമില്ല. നിലവിലെ സ്ക്വാഡിൽ ഏതാനും അഴിച്ചുപണികൾ നടത്തിയാൽ ചെൽസിക്ക് അവരുടെ പരിപൂർണതയിലേക്ക് എത്താനും കഴിയും. അടുത്ത സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്നതിനു വേണ്ടി ചെൽസി സ്വന്തമാക്കേണ്ട മൂന്നു താരങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത്.
1. എർലിങ് ബ്രൂട് ഹാലൻഡ് (ബൊറൂസിയ ഡോർട്മുണ്ട്)
നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന എർലിങ് ബ്രൂട് ഹാലാൻഡിനെ പോലൊരു താരത്തിന്റെ അസാന്നിധ്യം കഴിഞ്ഞ സീസണിൽ ചെൽസിയിൽ പ്രകടമായിരുന്നു. ടീമിലെ പ്രധാന സ്ട്രൈക്കറായിരുന്ന ടിമോ വെർണർക്ക് ഗോൾവേട്ടയിൽ തന്റെ മികവ് പുറത്തെടുക്കാൻ കഴിയുന്നില്ലെന്നത് ഹാലാൻഡിന്റെ വരവോടെ പൂർണമായും പരിഹരിക്കപ്പെടും. അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള ഹാലാൻഡിനു വേണ്ടി ചെൽസി സജീവമായി ശ്രമം നടത്തുന്നുമുണ്ട്.
2. നിക്കോളാസ് സുളെ (ബയേൺ മ്യൂണിക്ക്)
വെറ്ററൻ താരമായ തിയാഗോ സിൽവ നയിച്ച ചെൽസി പ്രതിരോധം കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ഈ സീസണിൽ അവരെത്തന്നെ പൂർണമായി ആശ്രയിക്കാൻ കഴിയില്ലെന്നതിൽ സംശയമില്ല. ബയേൺ മ്യൂണിക്ക് താരമായ സുളെ ചെൽസി പരിശീലകൻ ടുഷലിനു പ്രിയപ്പെട്ട കളിക്കാരിൽ ഒരാൾ കൂടിയാണ്. ജർമൻ താരത്തെ ടീമിലെത്തിക്കാൻ ചെൽസിക്ക് കഴിഞ്ഞാൽ സിൽവ ക്ലബ് വിടുമ്പോൾ അതിനൊത്ത ഒരു പകരക്കാരനെ കൂടിയാണ് ചെൽസിക്ക് ലഭിക്കുക.
3. അഡമ ട്രയോറെ (വോൾവറാംപ്ടൺ)
ത്രീ മാൻ ഡിഫെൻസിനെ കൂടുതലായും ആശ്രയിക്കുന്ന ടുഷാലിന്റെ ശൈലിയിൽ വലതു വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങൾക്ക് ശക്തി പകരാൻ മുൻ ബാഴ്സലോണ താരത്തിനു കഴിയും. നേരത്തെ അഷ്റഫ് ഹക്കിമിയെ സ്വന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചെൽസിക്ക് അതിനു പകരം വെക്കാൻ കഴിയുന്ന താരമാണ് അഡമ ട്രയോറെ. അസാമാന്യമായ വേഗതയും ഡ്രിബ്ലിങ് മികവും ശാരീരികമായ കരുത്തുമുള്ള സ്പാനിഷ് താരം ഡിസിഷൻ മേക്കിങ് കൂടി മെച്ചപ്പെടുത്തിയാൽ പ്രീമിയർ ലീഗ് ഡിഫെൻഡർമാരുടെ പേടിസ്വപ്നമായി മാറും.