ഒരു താരത്തിന് സസ്പെൻഷനും രണ്ടു പേർക്കു പരിക്കും, റയൽ മാഡ്രിഡിനെ മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റി വിയർക്കും


അത്ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടു പാദങ്ങളിലുമായി എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയതോടെ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലാണ് സെമി ഫൈനലിൽ ഏറ്റുമുട്ടുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. നാലിനെതിരെ അഞ്ചു ഗോളുകൾക്ക് ചെൽസിയെ മറികടന്നാണ് റയൽ മാഡ്രിഡ് സെമി ഫൈനലിൽ ഇടം നേടിയത്.
ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് അത്ലറ്റികോയുടെ പ്രതിരോധപ്പൂട്ടിനെയും വാൻഡ മെട്രോപ്പോളിറ്റാനോയിലെ രണ്ടാം പാദത്തിൽ അവരുടെ തീവ്രതയേറിയ പ്രകടനത്തെയും മികച്ച രീതിയിൽ ചെറുത്തു നിന്നാണ് മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ എത്തുന്നതെങ്കിലും മൂന്നു പ്രധാന താരങ്ങൾക്ക് സെമി ഫൈനൽ മത്സരം നഷ്ടമാകാൻ സാധ്യതയുള്ളത് അവർക്കു തിരിച്ചടി നൽകുന്നു.
Joao Cancelo will miss the first leg vs Real Madrid
— Managing Madrid (@managingmadrid) April 14, 2022
Meanwhile, de Bruyne and Kyle Walker left the Atletico game with injuries https://t.co/gwOpmBZ55m
ഇന്നലത്തെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മഞ്ഞക്കാർഡ് നേടിയ ഫുൾ ബാക്കായ ജോവോ കാൻസലോക്ക് സെമി ഫൈനൽ ആദ്യപാദം നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. ഇതിനു പുറമെ ഇന്നലത്തെ മത്സരത്തിനിടെ പരിക്കേറ്റതു മൂലം പിൻവലിക്കപ്പെട്ട കെവിൻ ഡി ബ്രൂയ്ൻ, കെയ്ൽ വാക്കർ എന്നിവർക്കും റയലിനെതിരെ കളിക്കാൻ കഴിയുമെന്നുറപ്പില്ല.
ഇന്നലത്തെ മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ ഡി ബ്രൂയ്ൻ പരിക്കേറ്റു പുറത്തു പോയപ്പോൾ അതിനു പിന്നാലെ എഴുപത്തിമൂന്നാം മിനുട്ടിലാണ് വാക്കറും കളിക്കളം വിടുന്നത്. റഹീം സ്റ്റെർലിങ്, നഥാൻ ആക്കെ എന്നിവരാണ് ഈ താരങ്ങൾക്കു പകരം ഇറങ്ങിയത്. ഈ രണ്ടു താരങ്ങളും കാൻസലോയും പെപ്പിന്റെ പദ്ധതികളിൽ പ്രധാനിയാണെന്നിരിക്കെ അടുത്ത മത്സരം ഗ്വാർഡിയോളക്ക് വെല്ലുവിളിയായിരിക്കും.
ഏപ്രിൽ 26ന് ഇന്ത്യൻ സമയം രാത്രി 12.30നാണു മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരം. സിറ്റിയുടെ മൈതാനത്തു വെച്ചാണ് ഒന്നാം സെമി നടക്കുക. അതിനു ശേഷം മെയ് 4നു ഇന്ത്യൻ സമയം രാത്രി 12.30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ച് രണ്ടാംപാദ മത്സരവും നടക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.