Football in Malayalam

തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻസ് ലീഗ് ഉയർത്തി ജെർമ്മൻ പരിശീലകൻ; അപൂർവ്വ നേട്ടം

Gokul Manthara
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / Matthew Ashton - AMA/Getty Images
facebooktwitterreddit

തുടർച്ചയായ മൂന്നാം വർഷവും ജെർമ്മൻ പരിശീലകൻ ചാമ്പ്യൻസ് ലീഗ് ഉയർത്തുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് ഇന്നലെ പോർട്ടോ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ സീസണിൽ ഹാൻസി ഫ്ലിക്ക്, അതിന് മുൻപത്തെ സീസണിൽ യർഗൻ ക്ലോപ്പ് എന്നീ ജെർമ്മൻ പരിശീലകരായിരുന്നു യു സി എൽ ഉയർത്തിയത്. ഇക്കുറി തോമസ് ടുഷലിന്റെ ചെൽസി ചാമ്പ്യൻസ് ലീഗ് നേടിയതോടെ ജെർമ്മൻ പരിശീലകരുടെ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് നേട്ടമാണ് സംഭവിച്ചിരിക്കുന്നത്.

നേരത്തെ 2018-19 സീസണിലാണ് ജെർമ്മൻ പരിശീലകരുടെ ചാമ്പ്യൻസ് ലീഗിലെ കുതിപ്പിന് തുടക്കമായത്. ലിവർപൂളിനെ ചാമ്പ്യന്മാരാക്കി യർഗൻ ക്ലോപ്പ് ആ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. 2019-20 സീസണിൽ ഹാൻസി ഫ്ലിക്കിലൂടെ ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് കിരീടം ജെർമ്മ‌ൻ പരിശീലകന് സ്വന്തമായി. ബയേൺ മ്യൂണിക്കിനെയായിരുന്നു ഫ്ലിക്ക് പോയ‌ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചത്. 2020-21 സീസണിന്റെ പാതിവഴിയിൽ ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജെർമ്മൻ പരിശീലകൻ തോമസ് ടുഷൽ ക്ലബ്ബിനൊപ്പമുള്ള തന്റെ ആദ്യ സീസണിൽത്തന്നെ അവർക്ക് യു സി എൽ കിരീടം നേടിക്കൊടുത്തതോടെ തുടർച്ചയായ മൂന്നാം തവണയും ജെർമ്മൻ പരിശീലകരുടെ ടീം യൂറോപ്പിലെ ചാമ്പ്യൻ ക്ലബ്ബാകുന്നതിന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചു.

1980-82 ന് ശേഷം ഇതാദ്യമായാണ് ഒരേ രാജ്യത്ത് നിന്നുള്ള 3 വ്യത്യസ്ത പരിശീലകർ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ യൂറോപ്യൻ കപ്പ്/ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നത്. ഇംഗ്ലീഷ് പരിശീലകരായ ക്ലഹ്, പെയിസ്ലി, ബാർട്ടൺ എന്നിവരായിരുന്നു ഇതിന് മുൻപ് ഇതേ നേട്ടം സ്വന്തമാക്കിയ പരിശീലകർ.

അതേ സമയം പോർട്ടോയിൽ ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. നാൽപ്പത്തിരണ്ടാം മിനുറ്റിൽ കൈ ഹാവർട്സ് നേടിയ ഗോളായിരുന്നു നീലപ്പടയെ യൂറോപ്പിന്റെ ചാമ്പ്യന്മാരാക്കിയത്.

facebooktwitterreddit