ചെൽസിയുടെ കറബാവോ കപ്പ് ഫൈനൽ പ്രവേശനം ടുഷെലിനു സമ്മാനിച്ചത് റെക്കോർഡ് നേട്ടം

Chelsea v Tottenham Hotspur - Carabao Cup Semi Final First Leg
Chelsea v Tottenham Hotspur - Carabao Cup Semi Final First Leg / Julian Finney/GettyImages
facebooktwitterreddit

ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി കറബാവോ കപ്പ് സെമി ഫൈനലിന്റെ രണ്ടു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയത്തോടെ ചെൽസി ഫൈനലിലേക്ക് മുന്നേറിയപ്പോൾ തോമസ് ടുഷെലിനു സ്വന്തമായത് റെക്കോർഡ് നേട്ടം. ചെൽസിയുടെ ചരിത്രത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, കറബാവോ കപ്പ് ഫൈനലുകളിലേക്ക് ടീമിനെ നയിച്ച ഒരേയൊരു പരിശീലകനെന്ന നേട്ടമാണ് ടുഷെൽ സ്വന്തമാക്കിയത്.

ചെൽസി പരിശീലകനായി ഏതാണ്ട് ഒരു വർഷം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോൾ മികച്ച നേട്ടങ്ങളാണ് തോമസ് ടുഷെൽ ടീമിനു സ്വന്തമാക്കി നൽകിയത്. മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമിനു പക്ഷെ എഫ്എ കപ്പ് ഫൈനലിൽ ലൈസ്റ്റർ സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഇതിനു പുറമെ യുവേഫ സൂപ്പർകപ്പ് കിരീടവും ചെൽസി സ്വന്തമാക്കിയിട്ടുണ്ട്.

ചെൽസിക്കൊപ്പം വളരെ കുറഞ്ഞ കാലയളവിൽ തന്നെ മൂന്നു ഫൈനലിലേക്ക് ടീമിനെ നയിച്ചതിനെക്കുറിച്ച് ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങൾ ചോദിച്ചപ്പോൾ "അത് മികച്ച നേട്ടമാണ്, അതു തന്നെയായിരുന്നു ലക്ഷ്യവും" എന്നാണു ടുഷെൽ മറുപടി നൽകിയത്.

"സെമി ഫൈനലിലേക്ക് പോകുന്ന എല്ലാ ടീമുകൾക്കും ഫൈനലിലേക്ക് മുന്നേറാൻ ആഗ്രഹം ഉണ്ടായിരിക്കും. ഞങ്ങൾ സന്തോഷത്തിലാണ്, കാരണം വെംബ്ലി കപ്പ് ഫൈനലിനായി നിറഞ്ഞു കാത്തിരിക്കയാണ്. ഫുട്ബോളറായും പരിശീലകനായും നിങ്ങൾക്ക് എത്തേണ്ടത് ഇവിടെയാണ്." ടുഷെൽ കൂട്ടിച്ചേർത്തു.

അതേസമയം ഈ സീസണിൽ പ്രീമിയർ ലീഗിൽ പ്രതീക്ഷിച്ച നിലവാരമുള്ള പ്രകടനം നടത്താൻ ടുഷെലിന്റെ ചെൽസിക്ക് കഴിഞ്ഞിട്ടില്ല. അൻപത്തിമൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് പത്തു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് ചെൽസി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.