Football in Malayalam

ചെൽസി പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീമാണെന്ന പോച്ചട്ടിനോയുടെ അഭിപ്രായത്തിനു മറുപടി നൽകി തോമസ് ടുഷെൽ

Sreejith N
Malmo FF v Chelsea FC: Group H - UEFA Champions League
Malmo FF v Chelsea FC: Group H - UEFA Champions League / David Lidstrom/GettyImages
facebooktwitterreddit

ചെൽസി പ്രതിരോധത്തിലൂന്നി പ്രത്യാക്രമണ ശൈലിയിൽ കളിക്കുന്ന ടീമാണെന്ന പിഎസ്‌ജി പരിശീലകൻ പോച്ചട്ടിനോയുടെ അഭിപ്രായം തന്നെ യാതൊരു വിധത്തിലും ബാധിക്കുന്നതല്ലെന്ന് തോമസ് ടുഷെൽ. മറ്റുള്ളവർ തങ്ങളെപ്പറ്റി എന്തു പറയുന്നു എന്നതിൽ ആശങ്കയില്ലെന്നും സ്വന്തം ടീമിന്റെ എല്ലാ മേഖലകളെയും ശക്തിപ്പെടുത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ജർമൻ പരിശീലകൻ വ്യക്തമാക്കി.

ചെൽസി പ്രതിരോധത്തിലൂന്നി കളിക്കുന്നുവെന്നും എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അഷ്‌റഫ് ഹക്കിമി, നുനോ മെന്ഡസ് എന്നീ താരങ്ങളെ സ്വന്തമാക്കിയതിലൂടെ പിഎസ്‌ജി ആക്രമണ ഫുട്ബോൾ കളിക്കുകയെന്ന തങ്ങളുടെ ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നതെന്നും പോച്ചട്ടിനോ പറഞ്ഞിരുന്നു. ഫുൾ ബാക്കുകളിലൂടെ ആക്രമണത്തിനു കൂടുതൽ പ്രാധാന്യം നൽകി കളിക്കുന്ന ടീമുകൾ കൂടുതൽ ഷോട്ടുകൾ വഴങ്ങുമെന്നും പോച്ചട്ടിനോ അഭിപ്രായപ്പെട്ടു.

യുവന്റസിനെതിരെ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയതിനു ശേഷമാണ് ഇതേപ്പറ്റി ടുഷെൽ പ്രതികരിച്ചത്. "മറ്റുള്ളവർ ഞങ്ങളെപ്പറ്റി എന്തു പറയുന്നുവെന്നു ഞാനങ്ങനെ ശ്രദ്ധിക്കാറില്ല. എന്റെ ടീമിനും സ്റ്റാഫിനും നന്നായി തോന്നുന്നതാണ് ഞങ്ങൾ ചെയ്യുന്നത്. പ്രതിരോധത്തിലുള്ള സമീപനത്തിൽ ഞങ്ങൾ തുടക്കം മുതൽ തന്നെ മികച്ചതായിരുന്നു. വളരെ വേഗത്തിൽ ഞങ്ങൾക്ക് ബോൾ പൊസെഷൻ ലഭിക്കുകയും അതിൽ നിന്നും അപകടകരമായ അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു."

"പുതിയ സീസൺ വന്നപ്പോൾ ഞങ്ങളത് പുനഃസൃഷ്ടിക്കാൻ ശ്രമിച്ചു. ഈ ഗ്രൂപ്പ് കുറച്ച് പുതിയതാണ്, കാര്യങ്ങൾ ഇങ്ങിനെയുമാണ്. ചില സമയങ്ങളിൽ എല്ലാം വളരെ എളുപ്പത്തിൽ വരികയും നിങ്ങൾക്ക് കാര്യങ്ങൾ അനായാസമാവുകയും ചെയ്യും. ഇതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്കു തന്നെയാണ്."

"ആളുകൾ ഞങ്ങളെപ്പറ്റി എന്തു പറയുന്നുവെന്നു ഞങ്ങൾക്കു ശ്രദ്ധയില്ല. കളിയുടെ എല്ലാ മേഖലകളിലും കരുത്തരായി തുടരുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതു വളരെ സങ്കീർണമായൊരു കളിയാണ്. ചില സമയങ്ങളിൽ നിങ്ങൾ വളരെ ശക്തമായി പ്രതിരോധിക്കുകയും ചില സമയങ്ങളിൽ സ്‌പേസുകൾ കണ്ടെത്തി കുറച്ചുകൂടി എളുപ്പത്തിൽ ആക്രമിക്കുകയും വേണം." ടുഷെൽ വ്യക്തമാക്കി.

facebooktwitterreddit