"ഇതാണു നിയമമെന്ന് എനിക്കുറപ്പില്ല"- ലിവർപൂളിനെതിരായ മത്സരത്തിലെ റെഡ് കാർഡിനെതിരെ ചെൽസി പരിശീലകൻ


ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രതിരോധ താരമായ റീസ് ജെയിംസിന് ചുവപ്പു കാർഡ് നൽകിയ തീരുമാനത്തിനെതിരെ പ്രതികരിച്ച് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ചെൽസി കയ് ഹാവേർട്സ് നേടിയ ഗോളിൽ മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു ബോക്സിനുള്ളിൽ വെച്ച് കൈ കൊണ്ടു പന്തു തൊട്ടതിന്റെ പേരിൽ റീസ് ജെയിംസിന് ചുവപ്പുകാർഡും ലിവർപൂളിന് പെനാൽറ്റിയും വിധിക്കപ്പെട്ടത്.
ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഗോളിലേക്ക് വന്ന ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ റീസ് ജയിംസിന്റെ കാലിൽ കൊണ്ടു ഗതിമാറിയ പന്ത് കയ്യിലും തട്ടുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ നിന്നും അത് മനഃപൂർവമല്ലാത്ത ഹാൻഡ് ബോൾ അല്ലെന്നാണ് വ്യക്തമാവുന്നതെങ്കിലും റഫറി താരത്തെ പുറത്താക്കി. അതിനു ശേഷം സലായുടെ പെനാൽറ്റിയിലൂടെ ലിവർപൂൾ ഒപ്പമെത്തിയെങ്കിലും സെക്കൻഡ് ഹാഫിൽ പിടിച്ചു നിന്ന ചെൽസി പിന്നീട് ഗോളൊന്നും വഴങ്ങാതെ ഒരു പോയിന്റ് സ്വന്തമാക്കിയെടുത്തു.
?"Honestly I don't like these red cards in football because I don't think anyone wants to watch a game for 45 minutes 11 vs 10."
— Football Daily (@footballdaily) August 28, 2021
Thomas Tuchel feels that red cards spoil the game pic.twitter.com/2EUPnChSGF
"ആ ചുവപ്പു കാർഡ് നിയമം തന്നെയാണോ അല്ലയോ എന്ന കാര്യത്തിൽ എനിക്കിപ്പോഴും ഉറപ്പില്ല. പക്ഷെ ആ തീരുമാനത്തെ നമ്മൾ മാനിക്കണം. വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ ചിലപ്പോൾ അദ്ദേഹം തന്റെ മനസു മാറ്റിയിരുന്നിരിക്കാം. എങ്കിലും അതു പഴയതു പോലെ നിലനിൽക്കണമായിരുന്നു. മത്സരങ്ങളിൽ നേരത്തെ ലഭിക്കുന്ന ചുവപ്പുകാർഡുകൾ എനിക്കിഷ്ടമല്ല. അതു കളിയെ നശിപ്പിക്കും. അവസാനം കഠിനമായ പോരാട്ടത്തിൽ മികച്ച പ്രതിരോധം കാഴ്ച വെച്ച് ഞങ്ങൾ അർഹിച്ച പോയിന്റ് സ്വന്തമാക്കി."
"ഞങ്ങൾ പിന്നിൽ അഞ്ചു പ്രതിരോധ താരങ്ങളുമായി തുടരാൻ തീരുമാനിച്ചു. വളരെ സജീവമായി തുടർന്ന് അവസരങ്ങൾ സൃഷ്ടിക്കുന്നതു തടയുകയായിരുന്നു ലക്ഷ്യം. ആദ്യത്തെ പത്തു മിനുട്ട് അനന്തമായി തോന്നിയപ്പോൾ അവസാനത്തെ പത്തു മിനുട്ട് ഞങ്ങൾ അർഹിക്കുന്നത് ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കയായിരുന്നു. വളരെ ബുദ്ധിമുട്ടേറിയതും കടുപ്പവും ആയിരുന്നെങ്കിലും രണ്ടാം പകുതി പ്രതിരോധപരമായി വളരെ കരുത്തുറ്റതായിരുന്നു." ടുഷെൽ ബിബിസി സ്പോർട്ടിനോട് പറഞ്ഞു.
ചെൽസിക്ക് ഇരട്ടശിക്ഷ കിട്ടിയെന്നാണ് ടീമിന്റെ നായകനായ ആസ്പ്ലികുയറ്റ മത്സരത്തിനു ശേഷം പ്രതികരിച്ചത്. റെഡ് കാർഡിനും പെനാൽറ്റിക്കും പുറമെ അതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ രണ്ടു മഞ്ഞക്കാർഡുകൾ ചെൽസി താരങ്ങൾക്ക് ലഭിച്ചതും ആസ്പ്ലികുയറ്റ ചൂണ്ടിക്കാട്ടി. എന്നാൽ മത്സരത്തിൽ പതറാതെ പൊരുതിയ ചെൽസി അവസരങ്ങൾ ഉണ്ടാക്കിയെടുത്തു എന്നും താരം പറഞ്ഞു.