'നിരവധി താരങ്ങൾ ചെൽസിയിലേക്ക് വരാനാഗ്രഹിക്കുന്നു' - ലുക്കാക്കു ട്രാൻസ്ഫർ അഭ്യൂഹങ്ങളോടു പ്രതികരിച്ച് തോമസ് ടുഷെൽ


ഇന്റർ മിലാൻ താരമായ റൊമേലു ലുക്കാക്കുവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങളോടു പ്രതികരിച്ച് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. നിരവധി താരങ്ങൾ ചെൽസിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞ ജർമൻ പരിശീലകൻ ലുക്കാക്കുവിനു വേണ്ടി ചെൽസി നീക്കങ്ങൾ നടത്തുന്നുണ്ടെന്നു സമ്മതിക്കാൻ തയ്യാറായില്ല. ടോട്ടനവുമായി 2-2ന്റെ സമനില വഴങ്ങിയ സൗഹൃദ മത്സരത്തിനു ശേഷം സംസാരിക്കയായിരുന്നു ടുഷെൽ.
"എന്റെ സ്ക്വാഡിൽ കളിക്കാത്ത താരങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാറില്ല. അവൻ [ലുക്കാക്കു] വളരെ മികച്ച താരമാണെങ്കിലും അദ്ദേഹം ഒരു ഇന്റർ മിലാൻ കളിക്കാരനായതു കൊണ്ട് ഇതുപോലെയൊരു സാഹചര്യത്തിൽ എനിക്കു സംസാരിക്കാൻ താൽപര്യമില്ല. നിരവധി താരങ്ങൾക്ക് ചെൽസിയിലേക്ക് വരാനും ടീമിനൊപ്പം ചേരാനും ആഗ്രഹമുണ്ടെങ്കിലും ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കില്ല," ടുഷെൽ പറഞ്ഞു.
"ബോർഡ് കളിക്കാരെ ടീമിന് ഓഫർ ചെയ്യാറില്ല, അങ്ങിനെയല്ല ട്രാൻസ്ഫറുകൾ നടക്കുന്നത്. ഞങ്ങൾ ബോർഡിനോട് കളിക്കാരെക്കുറിച്ച് സംസാരിക്കും, സ്വന്തം അഭിപ്രായം പറയും, അതിനു ശേഷം ഞങ്ങളുടെ അഭിപ്രായത്തിൽ ടീമിനെ കരുത്തുറ്റതാക്കാൻ കഴിയുന്ന മികച്ച താരങ്ങളെ ലക്ഷ്യം വെച്ചു നീങ്ങും, അതൊരു വെല്ലുവിളി കൂടിയാണ്."
"ചില താരങ്ങളെ ലക്ഷ്യം വെച്ചു മുന്നോട്ടു പോയാൽ അത് ടീമിനു നല്ല രീതിയിൽ ഗുണം ചെയ്യുമെന്നു ഞങ്ങൾക്കു തോന്നാറുണ്ട്. അവരുടെ പേരുകൾ ഞാൻ പറയില്ല, കാരണം എന്റെ കളിക്കാരെക്കുറിച്ച് മറ്റു പരിശീലകർ പറയുന്നത് എനിക്കും ഇഷ്ടമല്ല. നിങ്ങളതു മനസിലാക്കുമെന്നു കരുതുന്നു."
അതേസമയം, ജിറൂദ് ടീം വിട്ടതു കണക്കിലെടുത്ത് ഗോൾമുഖത്ത് അപകടകാരിയായ ഒരു താരത്തിന്റെ സാന്നിധ്യം ചെൽസിക്ക് ആവശ്യമാണെന്ന് ടുഷെൽ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ലുക്കാക്കുവിനു വേണ്ടി നൽകിയ 100 മില്യണിന്റെ ഓഫർ ഇന്റർ തള്ളിക്കളഞ്ഞതിനാൽ 130 മില്യൺ യൂറോയായി അതു പുതുക്കി നൽകാൻ തയ്യാറെടുക്കുകയാണ് ചെൽസി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.