Football in Malayalam

സുവാരസിനെ സ്വന്തമാക്കാൻ വീണ്ടും ശ്രമിക്കുമോ, മറുപടി നൽകി ചെൽസി പരിശീലകൻ ടുഷൽ

Sreejith N
Feb 23, 2021, 3:35 PM GMT+5:30
FBL-ESP-LIGA-ATLETICO-CELTA
FBL-ESP-LIGA-ATLETICO-CELTA | PIERRE-PHILIPPE MARCOU/Getty Images
facebooktwitterreddit

ബാഴ്‌സലോണ സ്‌ട്രൈക്കറായിരുന്ന ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ പിഎസ്‌ജി പരിശീലകനായിരുന്നപ്പോൾ നടത്തിയ ശ്രമങ്ങൾ ചെൽസിയിൽ ആവർത്തിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി തോമസ് ടുഷൽ. കഴിഞ്ഞ സീസൺ ശേഷം ബാഴ്‌സലോണ യുറുഗ്വായ് താരത്തെ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച ക്ലബുകളിൽ ഒന്നായിരുന്നു പിഎസ്‌ജി. എന്നാൽ പിഎസ്‌ജിയെ നിരസിച്ച് സ്പെയിനിൽ തന്നെ തുടർന്ന സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്കാണ് ചേക്കേറിയത്.

സുവാരസിന്റെ അപാരമായ മികവിനെ പ്രശംസിച്ച ടുഷൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ യുറുഗ്വായ് താരം ബാഴ്‌സലോണ വിടാനൊരുങ്ങിയപ്പോൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി നടത്തിയിരുന്നുവെന്ന് സമ്മതിച്ചു. ഗോളുകൾ നേടാനുള്ള താരത്തിന്റെ ആഗ്രഹത്തെ അഭിനന്ദിച്ച ജർമൻ പരിശീലകൻ, പിഎസ്‌ജിയിൽ ഉണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോൾ ചെൽസിയിലുള്ളതെന്നാണ് സുവാരസിനെ സ്വന്തമാക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ചത്.

"എനിക്കറിയില്ല. അതൊരു പ്രത്യേക സമയത്ത് സംഭവിച്ച കാര്യമാണ്, അപ്പോൾ അദ്ദേഹം പിഎസ്‌ജി ടീമിന് ചേരുന്ന താരമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. സുവാരസ് അത്ലറ്റികോ മാഡ്രിഡുമായി കരാറുള്ള താരമായത് കൊണ്ട് അതേക്കുറിച്ച് ചിന്തിക്കുന്നത് ന്യായമല്ല. ഭാവിയിൽ ഞങ്ങൾ അതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്താനുള്ള സാധ്യതയും വളരെ കുറവാണ്," ടുഷൽ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ഈയാഴ്‌ച നടക്കുന്ന പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെ നേരിടാനിരിക്കയാണ് ടുഷലിന്റെ ചെൽസി. കഴിഞ്ഞ സീസണിൽ പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച ജർമൻ പരിശീലകന് ഇത്തവണ ആ കുതിപ്പ് ആവർത്തിക്കണമെങ്കിൽ സ്‌പാനിഷ്‌ ലീഗിൽ ഒന്നാമന്മാരായ സിമിയോണിയുടെ സംഘത്തെ മറികടക്കണം. കഴിഞ്ഞ മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡ് കാണിച്ച പതർച്ചയാണ് ചെൽസിയുടെ പ്രധാന പ്രതീക്ഷ.

facebooktwitterreddit