റൊണാൾഡോ മികച്ച താരം, എന്നാൽ മറ്റു ക്ലബുകളുടെ താരങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ല; തോമസ് ടുഷേൽ


കുടുംബപരമായുള്ള കാരണങ്ങളാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ-സീസൺ ടൂറിൽ നിന്നും വിട്ടു നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങളിലാണുള്ളത്. അനുയോജ്യമായ ഓഫർ ലഭിച്ചാൽ തന്നെ ക്ലബ്ബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
താരം ചേക്കേറാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ക്ലബ്ബുകളിലൊന്നാണ് ചെൽസി. എന്നാൽ റൊണാൾഡോയെ സ്വന്തമാക്കുന്നതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നാണ് പരിശീലകൻ തോമസ് ടൂഷേൽ വെളിപ്പെടുത്തുന്നത്.
യുഎസിൽ നടക്കാനിരിക്കുന്ന പ്രീസീസൺ ടൂറിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു ടൂഷേൽ.
"അദ്ദേഹം പ്രീമിയർ ലീഗിലെ മറ്റൊരു മികച്ച ക്ലബ്ബിന്റെ മികച്ച കളിക്കാരനാണ്, എന്നാൽ ബഹുമാനാർത്ഥം ഞങ്ങൾ ഈ കളിക്കാരെ കുറിച്ച് അഭിപ്രായം പറയുന്നില്ല, കാരണം ഞങ്ങളുടെ കളിക്കാരെ കുറിച്ച് മറ്റ് പരിശീലകർ സംസാരിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല," ടുഷേൽ പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്ന റൊണാൾഡോ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബുകളിലേക്ക് ചേക്കേറാനാണ് ശ്രമിക്കുന്നത്. എന്നാൽ താരത്തിനായി ഇത് വരെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓഫർ സമർപ്പിച്ചിട്ടില്ല.