Football in Malayalam

'ട്രാൻസ്‌ഫർ വിലക്ക് വന്നാൽ പോലും ഞാൻ സന്തുഷ്ടനായിരിക്കും' - സമ്മർ ജാലകത്തിലെ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കി ടുഷെൽ

Sreejith N
Chelsea v Sheffield United: Emirates FA Cup Quarter Final
Chelsea v Sheffield United: Emirates FA Cup Quarter Final / James Williamson - AMA/Getty Images
facebooktwitterreddit

സമ്മർ ജാലകത്തിൽ ചെൽസിയുടെ ട്രാൻസ്‌ഫർ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തി പരിശീലകൻ തോമസ് ടുഷെൽ. എർലിങ് ഹാലൻഡ്, സെർജിയോ അഗ്യൂറോ, ഏതാനും പ്രതിരോധ താരങ്ങൾ എന്നിങ്ങനെ ചെൽസിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പലതും പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സമ്മറിൽ ടീമിനെ അഴിച്ചു പണിയാൻ മാത്രമുള്ള നീക്കങ്ങളൊന്നും നടത്താൻ സാധ്യതയില്ലെന്നാണ് ജർമൻ പരിശീലകൻ അഭിപ്രായപ്പെടുന്നത്.

ജനുവരിയിൽ ഫ്രാങ്ക് ലംപാർഡിനു പകരക്കാരനായി ടീമിലെത്തിച്ച ടുഷെലിനു കീഴിൽ പരാജയമറിയാതെ 14 മത്സരങ്ങളാണ് ഇതുവരെ ചെൽസി പൂർത്തിയാക്കിയിരിക്കുന്നത്. കിരീടപ്രതീക്ഷയും ടോപ് ഫോർ ഫിനിഷിങിന് സാധ്യതയുമുള്ള ചെൽസിയെ അടുത്ത സീസണിൽ കൂടുതൽ കരുത്തരാക്കാൻ പുതിയ താരങ്ങൾ സമ്മറിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് തള്ളുകയാണ് ടുഷെൽ ചെയ്‌തത്‌.

"സത്യസന്ധമായി പറയുകയാണെങ്കിൽ നാളെ ചെൽസിക്കൊരു ട്രാൻസ്‌ഫർ വിലക്ക് ലഭിച്ചാലും അടുത്ത സീസണിൽ ടീമിനെ പരിശീലിപ്പിക്കുന്ന കാര്യത്തിൽ ഞാൻ സന്തുഷ്ടനായിരിക്കും. മറ്റൊരു തലത്തിലേക്ക് നിലവിലെ ടീമിനെ ഉയർത്താൻ അതുവഴി കഴിയും. ഈ ടീമിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ ഇപ്പോൾ തന്നെ എനിക്കുണ്ട്," ടുഷെൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

നിലവിൽ മികച്ച താരങ്ങൾ ടീമിനൊപ്പമുണ്ടെങ്കിലും ഡ്രസിങ് റൂമിലെ നല്ല അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെച്ചു കൊണ്ടിരിക്കില്ലെന്ന് ടുഷെൽ വ്യക്തമാക്കി. ട്രാൻസ്‌ഫർ മാർക്കറ്റ് സങ്കീർണമാണെന്നും നിലവിൽ അതിനെ ശാന്തതയോടെ നോക്കിക്കാണുന്ന ടുഷെൽ കൂടുതൽ മത്സരം ടീമിനുള്ളിൽ സൃഷ്ടിക്കാനും കൂടുതൽ തിരഞ്ഞെടുപ്പുകൾക്കായും ഏതാനും താരങ്ങളെ സ്വന്തമാക്കിയേക്കുമെന്ന സൂചനയും നൽകി.

അതെ സമയം കോവിഡ് പ്രതിസന്ധിയുടെ വെളിച്ചത്തിൽ ഏതെങ്കിലും താരങ്ങളെ സ്വന്തമാക്കാൻ വേണ്ടി ക്ലബിന്റെ മേൽ യാതൊരു സമ്മർദ്ദവും ചെലുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നേറ്റനിരയിൽ ഹാലൻഡ്, അഗ്യൂറോ എന്നിവർക്ക് പുറമെ പ്രതിരോധത്തിൽ ഡേവിഡ് അലബ, നിക്‌ളാസ് സുൾ എന്നിവരെയാണ് ചെൽസി നോട്ടമിടുന്നത്.

facebooktwitterreddit