ലുക്കാക്കു നടത്തിയത് അനാവശ്യ പ്രതികരണം, താരവുമായി സ്വകാര്യമായി സംസാരിക്കുമെന്ന് ചെൽസി പരിശീലകൻ


ചെൽസിയിൽ താൻ അവലംബിക്കുന്ന ശൈലിയിൽ പൂർണമായും തൃപ്‌തനാവാൻ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ റൊമേലു ലുക്കാക്കു വെളിപ്പെടുത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ആ പ്രതികരണം അനാവശ്യമായ ഒന്നായിരുന്നു എന്നും തോമസ് ടുഷെൽ. ബെൽജിയൻ താരവുമായി സ്വകാര്യമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് റൊമേലു ലുക്കാക്കു ചെൽസി പരിശീലകന്റെ ശൈലി തനിക്ക് തൃപ്‌തി നൽകുന്നില്ലെന്നു വ്യക്തമാക്കിയത്. അതിനു ശേഷം താരം മുൻപ് കളിച്ചിരുന്ന ക്ലബായ ഇന്റർ മിലാനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുകയും ഇറ്റലിയിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്‌തിരുന്നു.
Thomas Tuchel slams Romelu Lukaku’s Chelsea bombshell as “noise we don’t need” https://t.co/VYvYC3rcsB pic.twitter.com/mX58l89BQj
— Mirror Football (@MirrorFootball) December 31, 2021
"ലുക്കാക്കുവുമായി ഞങ്ങൾ വളരെ തുറന്ന രീതിയിൽ തന്നെ സ്വകാര്യമായി സംസാരിക്കും. എനിക്കത് ആശ്ചര്യമായിരുന്നു. കാരണം താരം അസന്തുഷ്ടനാണെന്ന് ഞാൻ കരുതിയിരുന്നില്ല, നേരെ വിപരീതമായാണ് മനസിലാക്കിയത്. എന്താണ് ലുക്കാക്കു കടന്നു പോകുന്ന അവസ്ഥയെന്നു മനസിലാക്കാൻ ഞങ്ങൾ സമയം കണ്ടെത്തും, അതു പക്ഷെ ദൈനംദിന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ല."
"തീർച്ചയായും ഞങ്ങൾക്കത് ഇഷ്‍ടമായില്ല. ടീമിന് ആവശ്യമില്ലാത്ത ബഹളങ്ങൾ അതു സൃഷ്‌ടിക്കുന്നു, ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നില്ല. അതിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാൻ ഞങ്ങളില്ല. ഒരാൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും വ്യതിചലിച്ച്, ചെറിയ ലൈനുകൾ വെച്ച് ഹെഡ്‌ലൈനുകൾ ഉണ്ടാക്കുകയും, അതിനു ശേഷം കുറച്ചു കഴിഞ്ഞാവും അതത്ര മോശമല്ലെന്നും ഉദ്ദേശിച്ചത് യഥാർത്ഥത്തിൽ അതല്ലെന്നും മനസിലാക്കാൻ കഴിയുക." ടുഷെൽ മാധ്യമങ്ങളോട് പറഞ്ഞു.
ചെൽസിയിൽ തുടരുന്നതിൽ ലുക്കാക്കുവിന് എന്തെങ്കിലും തരത്തിൽ അസംതൃപ്തിയുണ്ടെങ്കിൽ അതു പരിഹരിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. നിലവിൽ ഫോമിൽ പുറകോട്ടു പോയ ചെൽസി പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിന്നും പിന്നിലേക്ക് നീങ്ങുകയാണ്. അടുത്ത മത്സരം ലിവർപൂളുമായാണ് എന്നിരിക്കെ ടീമിലെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് അവർക്ക് നിർബന്ധമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.