"മാറ്റങ്ങളെ ഞാൻ ഭയക്കുന്നില്ല"- അബ്രോമോവിച്ച് ചെൽസിയെ വിൽക്കാൻ തീരുമാനിച്ചതിനോട് പ്രതികരിച്ച് തോമസ് ടുഷെൽ


റഷ്യൻ കോടീശ്വരനായ റോമൻ അബ്രോമോവിച്ച് ചെൽസിയെ വിൽക്കാൻ തീരുമാനിച്ചതിനോട് പ്രതികരിച്ച് ക്ലബിന്റെ പരിശീലകനായ തോമസ് ടുഷെൽ. അബ്രോമോവിച്ച് എടുക്കുന്ന തീരുമാനങ്ങളെല്ലാം അദ്ദേഹത്തെ സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങൾ ആയിരിക്കുമെന്നു പറഞ്ഞ തോമസ് ടുഷെൽ ഏറ്റവും മികച്ചത് സംഭവിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ചെൽസി ഫുട്ബോൾ ക്ലബ്ബിനെ താൻ വിൽക്കാൻ ഒരുങ്ങുകയാണെന്ന് റോമൻ അബ്രമോവിച്ച് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ സുഹൃത്തായതിനാൽ റോമനെതിരെ ബ്രിട്ടീഷ് സർക്കാർ നടപടി എടുക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് അദ്ദേഹം ചെൽസിയടക്കം ഇംഗ്ലണ്ടിലുള്ള തന്റെ ആസ്തികൾ വിൽക്കാൻ തയ്യാറെടുക്കുന്നത്.
Thomas Tuchel ‘never afraid of change’ as Abramovich’s Chelsea era nears end https://t.co/qEphpJ2Pj8
— The Guardian (@guardian) March 2, 2022
"ഞാനത് നിങ്ങളെക്കാൾ കുറച്ചുകൂടി നേരത്തെ അറിഞ്ഞിരിക്കും, പക്ഷെ കിക്കോഫിന് അടുത്ത സമയത്തു തന്നെയായിരുന്നു. ഞങ്ങൾ ഒരുപാട് അഭ്യൂഹങ്ങൾ ദിവസം മുഴുവൻ കേട്ടു, ടീം മീറ്റിങ് നടത്തിയപ്പോഴും അതേക്കുറിച്ച് തന്നെയാണ് സംസാരിച്ചത്. ഇതൊരു വലിയ വാർത്തയാണ്, ഞങ്ങൾ ഏറ്റവും മികച്ചത് സംഭവിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. മാറ്റങ്ങൾ സംഭവിക്കുനതിനെ ഞാൻ ഭയക്കുന്നില്ല." ല്യൂട്ടൻ ടൗണിനെതിരെ നടന്ന എഫ്എ കപ്പ് മത്സരത്തിലെ വിജയത്തിനു ശേഷം തോമസ് ടുഷെൽ പറഞ്ഞു.
"റോമൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയായ തീരുമാനങ്ങൾ ആയിരിക്കുമെന്നു ഞാൻ കരുതുന്നു. ഇത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പും ക്ലബുമാണ്. ഞങ്ങൾ ഒരു ദ്വീപിലല്ല ജീവിക്കുന്നത്, ഞങ്ങൾക്ക് ഇന്റർനെറ്റ് ഉണ്ട്, ടിവിയിൽ അതു കാണുകയും ചെയ്തു. ചിലർ അതിൽ നിന്നും മാറി നിൽക്കുന്നുണ്ട്, ചിലർ അങ്ങിനെയല്ല. അത് സ്വാഭാവികമാണ്. അങ്ങിനെയൊരു ദിവസത്തിൽ കളിക്കുകയെന്നത് എളുപ്പമല്ലെന്നിരിക്കെ വിജയത്തിൽ എനിക്ക് സന്തോഷമുണ്ട്." അദ്ദേഹം വ്യക്തമാക്കി.
ചെൽസി വിൽക്കാൻ തീരുമാനിച്ച റോമൻ അബ്രമോവിച്ച് അതിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരു ഭാഗം യുക്രൈനിൽ ദുരിതം അനുഭവിക്കുന്ന ആളുകളുടെ സഹായത്തിനായി നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വിസ്സ് ശതകോടീശ്വരനായ വൈസും കൂടെ ഏതാനും പങ്കാളികളും ചേർന്നു ചെൽസിയെ വാങ്ങുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.