Premier League

ചെൽസിയിൽ ചരിത്രമെഴുതി ടുഷെൽ, ഇനി മുന്നിലുള്ളത് റയൽ മാഡ്രിഡ്

Sreejith N
West Ham United v Chelsea - Premier League
West Ham United v Chelsea - Premier League / Pool/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി വെസ്റ്റ് ഹാമിനെതിരെ വിജയം നേടി ആത്മവിശ്വാസം വീണ്ടെടുത്ത് ചെൽസി. ഇതിനു പുറമെ സ്ഥാനമേറ്റെടുത്തതിനു ശേഷം തുടർച്ചയായി ഏറ്റവുമധികം എവേ മത്സരങ്ങളിൽ അപരാജിതനായ പരിശീലകനെന്ന, ലൈസ്റ്റർ സിറ്റിക്കൊപ്പം ക്ലൗഡിയോ റെനിയേരി സ്ഥാപിച്ച പ്രീമിയർ ലീഗ് റെക്കോർഡിനു തൊട്ടു പിന്നിലെത്താൻ ടുഷെലിനു കഴിയുകയും ചെയ്‌തു. ഇന്നലെ നടന്ന മത്സരത്തിൽ ടിമോ വെർണർ നേടിയ ഒരേയൊരു ഗോളിലാണ് ചെൽസി വെസ്റ്റ് ഹാമിനെ മറികടന്നത്.

ചെൽസിയും വെസ്റ്റ് ഹാമും തമ്മിലുള്ള മത്സരം ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു. വിജയം നേടിയതോടെ വെസ്റ്റ് ഹാമിനേക്കാൾ മൂന്നു പോയിന്റ് മുന്നിൽ പ്രീമിയർ ലീഗിന്റെ നാലാം സ്ഥാനത്തെത്താൻ ചെൽസിക്ക് കഴിഞ്ഞു. നിലവിൽ ചെൽസിക്ക് അൻപത്തിയെട്ടും അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന്‌ അന്പത്തിയഞ്ചും പോയിന്റാണുള്ളത്.

ലാംപാർഡിനു പകരം ചെൽസിയിലെത്തിയ ടുഷെൽ പ്രതിരോധത്തിൽ ടീമിനെ മികച്ചതാക്കി മാറ്റിയിട്ടുണ്ടെന്ന് കഴിഞ്ഞ മത്സരങ്ങൾ തെളിയിക്കുന്നു. ടുഷെലിനു കീഴിലുള്ള പതിനാലു പ്രീമിയർ ലീഗ് മത്സരങ്ങളിൽ പത്തെണ്ണത്തിലും ചെൽസി ഗോൾ വഴങ്ങിയിട്ടില്ല. ഇതിനു മുൻപ് ലൂയിസ് ഫിലിപ് സ്‌കൊളാരി പരിശീലകനായ ആദ്യ പതിനാലു മത്സരങ്ങളിൽ നിന്നും പത്ത് ക്ളീൻ ഷീറ്റുകൾ നേടിയതിന്റെ റെക്കോർഡിനൊപ്പമെത്താൻ ഇതോടെ ടുഷെലിനായി.

ഇതുവരെ തോമസ് ടുഷെൽ പരിശീലിപ്പിച്ച ഇരുപത്തിയൊന്നു മത്സരങ്ങളിൽ പോർട്ടൊക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിലേതുൾപ്പെടെ രണ്ടു തോൽവി മാത്രമാണ് ചെൽസി വഴങ്ങിയിരിക്കുന്നത്. ഇതിനിടയിൽ ടോട്ടനം, അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ എന്നിങ്ങനെ നിരവധി വമ്പൻ ക്ളബുകൾക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും ചെൽസിയെ തോൽപ്പിക്കാൻ ഇവരിലൊരാൾക്കും കഴിഞ്ഞിട്ടില്ലെന്നത് റയൽ മാഡ്രിഡിന് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.

facebooktwitterreddit