ജോർജിന്യോ വിവേകശാലിയായ താരം, ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് ചെൽസി പരിശീലകൻ ടുഷെൽ

Sreejith N
Tottenham Hotspur v Chelsea - Premier League
Tottenham Hotspur v Chelsea - Premier League / Catherine Ivill/GettyImages
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി ഓർ അവാർഡ് നേടാൻ സാധ്യതയുള്ള താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇറ്റാലിയൻ മധ്യനിര താരം ജോർജിന്യോ പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. വിവേകശാലിയായ കളിക്കാരനായ ജോർജിന്യോയെ പരിശീലിപ്പിക്കാൻ കഴിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ടുഷെൽ പറഞ്ഞു.

ഇക്കഴിഞ്ഞ സീസണിൽ ടുഷെൽ പരിശീലകനായി എത്തിയതിനു ശേഷം മികച്ച ഫോമിൽ കുതിച്ച ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ജോർജിന്യോ. അതിനു പിന്നാലെ ഇറ്റലിയെ യൂറോ കപ്പ് ജേതാക്കളാക്കാനും കഴിഞ്ഞതോടെയാണ് ജോർജിന്യോയുടെ ബാലൺ ഡി ഓർ സാധ്യതകൾ വർധിച്ചത്.

"ജോർജിന്യോക്ക് ബാലൺ ഡി ഓർ നേടാൻ അർഹതയുണ്ട്. വളരെയധികം വിവേകശാലിയായ താരത്തെ പരിശീലിപ്പിക്കാൻ കഴിയുന്നതു തന്നെ സന്തോഷമാണ്. ഫുട്ബോളിനെക്കുറിച്ച് വളരെ വലിയൊരു കാഴ്‌ചപ്പാടും താരത്തിനുണ്ട്." ടുഷെൽ പറഞ്ഞു.

"എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിഗത നേട്ടങ്ങൾക്ക് വലിയ പ്രാധാന്യമില്ല. വിവിധ ചുമതലയുള്ള ഫുട്ബോൾ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യുകയെന്നതു തന്നെ സാധ്യമല്ലെന്നാണു ഞാൻ കരുതുന്നത്. അതുണ്ടാക്കുന്ന പ്രഭാവം എത്രത്തോളമുണ്ട് എന്നറിയാവുന്നതിനാൽ എന്റെ ഏതെങ്കിലും താരം പുരസ്‌കാരം വിജയിക്കാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുമപ്പുറം ജോർജിന്യോ ഒരു നല്ല വ്യക്തിയും മികച്ച കളിക്കാരനാണ്. എന്നാൽ പൊതുവായി നോക്കുമ്പോൾ പ്രധാനപ്പെട്ട കാര്യം അതൊന്നുമല്ല." ടുഷെൽ വ്യക്തമാക്കി.

ജോർജിന്യോക്ക് പുറമെ കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്‌കോറർ ആവുകയും കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് സ്വന്തമാക്കി നൽകുകയും ചെയ്‌ത ലയണൽ മെസിയാണ് അവാർഡ് നേടാൻ സാധ്യതയുള്ള മറ്റൊരു താരം. ഇതിനു പുറമെ എൻഗോളോ കാന്റെ, റോബർട്ട് ലെവൻഡോസ്‌കി എന്നിവർക്കും പുരസ്‌കാര സാധ്യത കൽപ്പിക്കുന്നുണ്ട്.

facebooktwitterreddit