Chelsea News

ഇനിയും കിരീടങ്ങൾ നേടണം, ചെൽസി പുതിയ കരാർ നൽകുമെന്ന പ്രതീക്ഷയിൽ തോമസ് ടുഷെൽ

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / Alex Livesey - Danehouse/Getty Images
facebooktwitterreddit

പിഎസ്‌ജി പുറത്താക്കിയ തോമസ് ടുഷെലിനെ ലംപാർഡിനു പകരക്കാരായി ടീമിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് പതിനെട്ടു മാസത്തെ കരാർ മാത്രമാണ് ചെൽസി നൽകിയിരുന്നത്. എന്നാൽ ചെൽസിയെ വളരെ പെട്ടന്നു തന്നെ മികച്ച ഫോമിലെത്തിക്കാൻ കഴിഞ്ഞ ജർമൻ പരിശീലകൻ പ്രീമിയർ ലീഗ് ടോപ് ഫോർ ഫിനിഷിനു പുറമെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടവും ടീമിനു നേടിക്കൊടുത്തു.

ഫൈനലിലെ വിജയാഘോഷങ്ങൾക്കിടയിൽ സംസാരിക്കുമ്പോൾ അടുത്ത സീസണോടെ അവസാനിക്കാനിരിക്കുന്ന തന്റെ കരാർ ഉടനെ പുതുക്കാൻ ചെൽസി നേതൃത്വം തയ്യാറാകുമെന്ന പ്രതീക്ഷ ടുഷെൽ പ്രകടിപ്പിച്ചു. ഇനിയും നിരവധി കിരീടങ്ങൾ ചെൽസിക്കൊപ്പം നേടുകയാണു തന്റെ ലക്ഷ്യമെന്നു വ്യക്തമാക്കിയ ജർമൻ പരിശീലകൻ ഫൈനലിനു ശേഷം ക്ലബിന്റെ ഉടമയായ അബ്രമോവിച്ചിനെ കണ്ടതിന്റെ സന്തോഷവും പങ്കുവെച്ചു.

"എനിക്ക് നൂറു ശതമാനം ഉറപ്പില്ലെങ്കിലും പുതിയ കരാർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു സാധ്യതയുണ്ട്, എന്റെ മാനേജർ അതേക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും എനിക്കതിൽ വ്യക്തത വന്നിട്ടില്ല. ക്ലബ് ഉടമയോട് ഞാൻ മൈതാനത്തു വെച്ച് സംസാരിച്ചിരുന്നു. ആദ്യത്തെ കൂടിക്കാഴ്ച്ചക്ക് ചേരുന്ന മികച്ച നിമിഷമാണിത്. ചിലപ്പോൾ മോശവുമാകാം, കാരണം ഇനിയങ്ങോട്ട് കാര്യങ്ങൾ കൂടുതൽ മോശമാകാനും സാധ്യതയുണ്ട്. എന്തായാലും ഞങ്ങൾ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്."

"ഇനിയും വിജയങ്ങൾ നേടാൻ ആഗ്രഹിക്കുന്ന എനിക്ക് അടുത്ത കിരീടവും നേടണം. ഇതുപോലെയൊരു കരുത്തുറ്റ ഗ്രൂപ്പിന്റെയും ക്ലബ്ബിന്റെയും ഭാഗമായതിൽ ഞാൻ സന്തോഷവാനാണ്. നിലവിൽ എന്റെ ആഗ്രഹങ്ങൾക്കു ചേരുന്ന സ്ഥലമാണിവിടം. പരിമിതികൾക്കുമപ്പുറത്തേക്ക് ടീമിനെ നയിച്ച് കൂടുതൽ വിജയങ്ങൾ കണ്ടെത്താനാണ് അടുത്ത സീസണിൽ ഞാൻ ശ്രമിക്കുക. നിലവിലുള്ള വിടവുകൾ നികത്താനാണ് എന്റെ ശ്രമം." ടുഷെൽ വ്യക്തമാക്കി.

അബ്രമോവിച്ചുമായി വ്യക്തിപരമായ ബന്ധമില്ലെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടുഷെൽ പറഞ്ഞു. അന്റോണിയോ കൊണ്ടെയെ പുറത്താക്കാൻ 26 മില്യൺ നഷ്ടപരിഹാരമായി നൽകേണ്ടി വന്നതിനെ തുടർന്നാണ് ചെൽസി പരിശീലകർക്ക് വളരെ കുറഞ്ഞ കാലത്തേക്ക് കരാർ നൽകാൻ ആരംഭിച്ചത്. അതിനു മുൻപ് മൗറീന്യോയെ പുറത്താക്കിയപ്പോഴും ചെൽസിക്ക് വളരെയധികം തുക നഷ്‌ടമായിരുന്നു.

facebooktwitterreddit