Football in Malayalam

ലില്ലെക്കെതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ എൻഗോളോ കാന്റെയെ പ്രശംസിച്ച് ചെൽസി പരിശീലകൻ തോമസ് ടുഷെൽ

Sreejith N
Chelsea FC v Lille OSC: Round Of Sixteen Leg One - UEFA Champions League
Chelsea FC v Lille OSC: Round Of Sixteen Leg One - UEFA Champions League / Sebastian Frej/MB Media/GettyImages
facebooktwitterreddit

ഫ്രഞ്ച് ക്ലബായ ലില്ലെക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ചെൽസി നേടിയ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയത്തിനു ശേഷം മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എൻഗോളോ കാന്റെയെ പ്രശംസിച്ച് പരിശീലകൻ തോമസ് ടുഷെൽ. ഇരുപകുതികളിലുമായി കായ് ഹാവെർട്സും ക്രിസ്റ്റ്യൻ പുലിസിച്ചും ഗോളുകൾ കണ്ടെത്തിയ മത്സരത്തിൽ ടീമിലെ സ്‌ട്രൈക്കറായ ലുക്കാക്കുവിനെ ഇറക്കാതിരുന്നതിന്റെ കാരണവും ടുഷെൽ വ്യക്തമാക്കി.

മികച്ച പ്രകടനം നടത്തി കളിയിലെ താരമായി മാറിയ എൻഗോളോ കാന്റെയാണ് രണ്ടാം പകുതിയിൽ പുലിസിച്ച് നേടിയ ഗോളിനു വഴിയൊരുക്കിയത്. "എൻഗോളോ കാന്റെയുടെ പ്രകടനത്തിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹം കുറച്ച് സമയമെടുത്താണ് തിരിച്ചു വന്നത്. അവസാനത്തെ ചില മത്സരങ്ങളിൽ താരത്തിന് തീവ്രതയും സ്വാഭാവികമായ പ്രകടനവും ഉണ്ടായിരുന്നില്ല."

"താരം ഇന്നു കൂടുതൽ മുന്നേറിയത് വളരെ നല്ലതാണ്. ടീമിൽ കാന്റെ ഉണ്ടാക്കുന്ന സ്വാധീനം നിങ്ങൾക്ക് പെട്ടന്നു കാണാൻ കഴിയും. മത്സരം മാറ്റിമറിക്കാൻ ഞങ്ങൾക്കുള്ള താരമാണ് കാന്റെ. ടീമിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയുണ്ടായി." മത്സരത്തിനു ശേഷം ടുഷെൽ പറഞ്ഞു. ലുക്കാക്കു മത്സരത്തിൽ ഇറങ്ങാതിരുന്നതിന്റെ കാരണവും അദ്ദേഹം പറഞ്ഞു.

"ലുക്കാക്കു കുറച്ചു ക്ഷീണിതനാണെന്ന് ഞാൻ കരുതുന്നു. കാരണം താരം ഒരുപാട് കളിക്കുകയും എക്‌സ്ട്രാ ടൈമും യാത്രയുമെല്ലാം താരത്തെ ബാധിച്ചു. ക്രിസ്റ്റൽ പാലസിനെതിരെ മികച്ച മത്സരം കളിക്കാനും ലുക്കാക്കുവിനു കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ താരത്തെ ബെഞ്ചിലിരുത്തുന്നത് മത്സരത്തിൽ മാറ്റമുണ്ടാക്കും എന്നു കരുതി." ടുഷെൽ വ്യക്തമാക്കി.

മത്സരത്തിൽ മധ്യനിരതാരം മാറ്റിയോ കോവാസിച്ചിനെ നേരത്തെ പിൻവലിക്കാതിരുന്നത് തന്റെ പിഴവായിരുന്നുവെന്നും ചെൽസി പരിശീലകൻ പറഞ്ഞു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്കു പറ്റിയാണ് ക്രൊയേഷ്യൻ താരം പിൻവലിക്കപ്പെട്ടത്. ആ സാഹചര്യം ഒഴിവാക്കി താരത്തെ ഹാഫ് ടൈമിൽ തന്നെ പിൻവലിക്കണമായിരുന്നു എന്നാണു ടുഷെൽ പറഞ്ഞത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit