കഴിവുള്ള താരമാണ് കെപ, അദ്ദേഹത്തില്‍ വിശ്വാസമുണ്ട്; ടുഷേല്‍

ചെല്‍സിയുടെ രണ്ടാം നമ്പര്‍ ഗോള്‍ കീപ്പര്‍ കെപ അരിസബലാഗയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കഴിവുള്ള താരമാണെന്നും പരിശീലകന്‍ തോമസ് ടുഷേല്‍. ഇ.എഫ്.എല്‍ കപ്പില്‍ ടോട്ടന്‍ഹാമിനെതിരേയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ടുഷേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി സെനഗല്‍ ടീമിനൊപ്പം കാമറൂണിലാണുള്ളത്. അതിനാല്‍ കെപയാണ് മെന്‍ഡി തിരിച്ചെത്തുന്നത് വരെ ചെല്‍സിയുടെ ഗോള്‍ വലകാക്കുക.
'' ഞങ്ങള്‍ അവനെ വിശ്വസിക്കുന്നു, അദ്ദേഹം കഴിവുള്ള താരമാണ്. ഗോള്‍ കീപ്പിങ്ങില്‍ കൂടുതല്‍ മാറ്റങ്ങള്‍ നടത്താന്‍ കഴിയാത്തത് കാരണം കൂടുതല്‍ അവസരം നല്‍കല്‍ എളുപ്പമല്ല, ഞങ്ങള്‍ക്ക് അവനുണ്ട്, കെപയുടെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. കൂടുതലൊന്നും പറയാനില്ല, കെപയുടെ കഴിവില്‍ വിശ്വാസമുണ്ട്'' ടുഷേല്‍ വ്യക്തമാക്കി.
നേരത്തെ ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സ്ഥാനത്തുണ്ടായിരുന്ന താരമായിരുന്നു കെപ. എഡ്വാര്‍ഡ് മെന്‍ഡി വന്നതിന് ശേഷമായിരുന്നു കെപ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ടോട്ടനത്തിനെതിരേ നടന്ന ഇ.എഫ്.എല്‍ കപ്പില്‍ കെപക്ക് ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാനും കഴിഞ്ഞു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. 18ാം മിനുട്ടില്‍ അന്റോയിന്‍ റൂഡിഗറാണ് ചെല്‍സിയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. സെമിയുടെ ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ വിജയം സ്വന്തമാക്കിയ ബ്ലൂസ് 3-0 എന്ന അഗ്രഗേറ്റ് സ്വന്തമാക്കിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.