Football in Malayalam

ഹാരി കേൻ മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്ന് വിശ്വസിച്ചിരുന്നു, ടോട്ടനത്തിൽ തന്നെ തുടർന്നത് സന്തോഷമെന്നു ടുഷെൽ

Sreejith N
Crystal Palace v Tottenham Hotspur - Premier League
Crystal Palace v Tottenham Hotspur - Premier League / Chloe Knott - Danehouse/Getty Images
facebooktwitterreddit

ഇംഗ്ലീഷ് സ്‌ട്രൈക്കറായ ഹാരി കേൻ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് താൻ കരുതിയിരുന്നതെന്ന് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. ചെൽസി താരത്തെ സ്വന്തമാക്കാൻ യാതൊരു നീക്കവും കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ നടത്തിയിട്ടില്ലെന്നും ടോട്ടനത്തിൽ തന്നെ ഹാരി കേൻ തുടർന്നതിൽ സന്തോഷമുണ്ടെന്നും ടുഷെൽ പറഞ്ഞു.

"അതു സംഭവിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്." കേനിന്റെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള നീക്കത്തെക്കുറിച്ച് ടുഷെൽ പറഞ്ഞു. "ഞാൻ ഭയപ്പെട്ടിരുന്നില്ല. പക്ഷെ അതു സംഭവിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയുടെ കേളീശൈലി എങ്ങിനെ മാറുമെന്നറിയാൻ എനിക്കു താൽപര്യമുണ്ടായിരുന്നു."

"ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല, ഞങ്ങൾ ഏതു ടീമിനെയും സ്വാഗതം ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ്, ലിവർപൂൾ എന്നിവർ ഈ ലീഗിലെ മറ്റേതൊരു ടീമിനെക്കാളും ശക്തരാണ്, അവർക്ക് കരുത്തുറ്റ സ്ക്വാഡുമുണ്ട്. ഈ ടീമുകളുമായാണ് ഞങ്ങൾക്കും മത്സരിക്കേണ്ടത്. അതിനാൽ അവർ മികച്ച താരങ്ങൾക്കു വേണ്ടി പോരാടുന്നത് സാധാരണയായ കാര്യമായതു കൊണ്ട് അതു സംഭവിക്കുമെന്നു ഞാൻ കരുതി."

"ഒരു വശത്ത് അദ്ദേഹം ടീമിനൊപ്പം തുടരുന്നതിൽ എനിക്കു സന്തോഷമുണ്ട്. കാരണം കളിക്കാർ ഒരു ക്ലബിനു വേണ്ടി മാത്രം കളിക്കുന്നത് ഫുട്ബോളിൽ നിലനിൽക്കുന്നത് നല്ലതാണ്. ഹാരി കേൻ ടോട്ടനം ആണ്. എനിക്ക് ടോട്ടനവുമായി യാതൊരു ബന്ധവുമില്ല, ഞാൻ അവർക്കു വേണ്ടി ജോലി ചെയ്തിട്ടുമില്ല. എങ്കിലും കഴിഞ്ഞ ദശകത്തിൽ ഞാൻ ടോട്ടനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹാരി കേനിനെക്കുറിച്ചാണ് ആലോചിച്ചിരുന്നത്."

"ലയണൽ മെസിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ബാഴ്‌സലോണയെ കുറിച്ചാണ് ചിന്തിക്കുക, അദ്ദേഹം മറ്റൊരു ക്ലബിനു വേണ്ടി കളിക്കുന്നത് നമുക്ക് ആലോചിക്കാൻ കഴിയില്ല. അതു തന്നെയാണ് ഹാരി കേനിന്റെ കാര്യത്തിലും. ഈ ഭാഗത്തു നിന്നും ആലോചിക്കുമ്പോൾ ഞാൻ സന്തോഷവാനാണ്. എന്റെ വ്യക്തിത്വത്തിന് ഇതിനോട് ആരാധന ഉണ്ടെന്നിരിക്കെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സന്തോഷമാണ്. ലുക്കാക്കു ചെൽസിയിലേക്ക് തിരിച്ചെത്തിയതും ഇതുപോലെയാണ്, ചില കാര്യങ്ങൾ മാറാൻ പാടില്ല." ടുഷെൽ പറഞ്ഞു.

ചെൽസി ഒരിക്കലും ഹാരി കേനിനു വേണ്ടി ശ്രമം നടത്തിയിട്ടില്ല എന്നും ടുഷെൽ വ്യക്തമാക്കി. ചെൽസി മറ്റു പല താരങ്ങളെയും സ്വന്തമാക്കാൻ പട്ടികപ്പെടുത്തിയിരുന്നു എന്നും അതിൽ കേൻ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ ടുഷെൽ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു വെല്ലുവിളിയായി തങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതിനൊപ്പം കൂട്ടിച്ചേർത്തു.

facebooktwitterreddit