ചെൽസിയെ വിജയത്തിലെത്തിച്ച സിയച്ചിൽ നിന്നും ഇതിനേക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോമസ് ടുഷെൽ


സ്വീഡിഷ് ക്ലബായ മാൽമോക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ചെൽസിയെ വിജയത്തിലെത്തിച്ച ഒരേയൊരു ഗോൾ നേടിയ മൊറോക്കൻ താരം ഹക്കിം സിയച്ചിനെ പ്രശംസിച്ച് പരിശീലകൻ തോമസ് ടുഷെൽ. തോളിനേറ്റ പരിക്കു മൂലം കുറച്ചു കാലം വിശ്രമത്തിലായിരുന്ന താരം ഓഗസ്റ്റിനു ശേഷം ആദ്യമായാണ് ചെൽസിക്കു വേണ്ടി ഗോൾ നേടുന്നത്. അതേസമയം സിയച്ചിൽ നിന്നും ഇതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് പരിശീലകൻ ടുഷെൽ പറഞ്ഞത്.
മത്സരത്തിൽ സമ്പൂർണമായ ആധിപത്യം ഉണ്ടായിരുന്ന ചെൽസി ഇരുപത്തിരണ്ടു ഷോട്ടുകളാണ് ഉതിർത്തത്. അതിൽ പതിനൊന്നും ഗോളിലേക്കുള്ള ഷോട്ടുകളായിരുന്നെങ്കിലും ഒൻപത് സേവുകൾ നടത്തിയ മാൽമോ കീപ്പർ ജൊഹാൻ ദാഹ്ലിന്റെ പ്രകടനമാണ് ചെൽസിയുടെ വിജയം ഇത്ര ചെറിയ മാർജിനിൽ ഒതുക്കിയത്.
"ഇതു സിയച്ചിനെ മികച്ച പ്രകടനത്തിലേക്ക് തിരിച്ചു കൊണ്ടു വരുമെന്നു കരുതുന്നുണ്ട്, എന്നാൽ തീരുമാനം എടുക്കാനും മൈതാനത്ത് ഇണങ്ങിച്ചേരാനും എവിടെയൊക്കെയാണ് സ്ഥിരത കാണിക്കേണ്ടതെന്ന് എന്നു മനസ്സിലാക്കാനുമുള്ള താരത്തിന്റെ കഴിവ് ഇനിയും മെച്ചപ്പെടുമെന്ന് ഞാൻ കരുതുന്നു," മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ടുഷെൽ പറഞ്ഞു.
"താരത്തിന്റെ വർക്ക് റേറ്റിനെയും, കൗണ്ടർ പ്രെസ്സിങ്ങിനെയും അവബോധത്തെയും ഞാൻ ആശ്രയിക്കുന്നുണ്ട്, അതദ്ദേത്തിന്റെ പ്രകടനത്തിന്റെ ഭാഗം കൂടിയാണ്. കൂടുതൽ കൃത്യതയോടെ ടീമിന്റെ താളവുമായി ഒത്തു ചേരാൻ താരത്തിന് കഴിയും. എന്നാൽ ഞാൻ കരുതുന്നത് തോളിനേറ്റ പരിക്ക് സിയച്ചിനെ വളരെ ബുദ്ധിമുട്ടിച്ചുവെന്നാണ്," ടുഷെൽ അഭിപ്രായപ്പെട്ടു.
അതേസമയം ഗോളുകളും അസിസ്റ്റുകളും നേടി ടീമിന്റെ പ്രധാന ഘടകമായി മാറാനാണ് താൻ തയ്യാറെടുക്കുന്നതെന്ന് സിയച്ച് പറഞ്ഞു. പരിക്കുകൾ മൂലം തനിക്ക് ബുദ്ധിമുട്ടേറിയ ഒരു സമയമാണ് കടന്നു പോയതെന്നും എന്നാൽ സ്വയം വിശ്വാസം പുലർത്തി കഠിനാധ്വാനം ചെയ്ത് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് താരം പറഞ്ഞു.