റോബർട്ട് ലെവൻഡോസ്കിയിൽ ചെൽസിക്ക് താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തി തോമസ് ടുഷേൽ


ബയേൺ സൂപ്പർതാരം റോബർട്ട് ലെവൻഡോസ്കിയിൽ ചെൽസിക്ക് താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തി പരിശീലകൻ തോമസ് ടൂഷേൽ. എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള ചെൽസിയുടെ സാധ്യതകൾ കുറവാണെന്നും ടുഷേൽ സമ്മതിക്കുന്നു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ലക്ഷ്യമിടുന്ന താരങ്ങളിൽ ഒരാളാണ് ലെവൻഡോസ്കി. ബയേണുമായി ഒരു വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും, ജർമൻ ക്ലബ് വിടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ലെവൻഡോസ്കി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
"ലെവൻഡോവ്സ്കിക്കായി ഞങ്ങൾക്ക് ഒരു സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഒരു അവസരമുണ്ടെങ്കിൽ…അവൻ മികച്ച 9-ാം നമ്പർ താരങ്ങളിൽ ഒരാളാണ്," ടുഷേൽ പറഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്തു.
"എന്നാൽ ഒന്നാമതായി, മറ്റ് ടീമുകളിൽ നിന്നുള്ള കളിക്കാരെക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല, ഞാൻ അത് ചെയ്യാൻ പോകുന്നില്ല. എന്നാൽ (മറ്റു ക്ലബുകളിൽ) തീർച്ചയായും മികച്ച ഒമ്പതാം നമ്പറുകളുണ്ട്, പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ഉള്ളതിൽ ഞങ്ങൾ സന്തുഷ്ടരാണ്," ചെൽസി പരിശീലകൻ കൂട്ടിച്ചേർത്തു.
“ഞങ്ങൾക്ക് ഒൻപതാം നമ്പറായി ടിമോ വെർണർ ഉണ്ട്, ഞങ്ങൾക്ക് ഒമ്പതാം നമ്പറായി കായ് ഹാവെർട്സ് ഉണ്ട്, ഞങ്ങൾക്ക് ഒമ്പതാം നമ്പറായി മിച്ചി ബാത്ഷുവായിയുണ്ട്, ഞങ്ങൾക്ക് ഒൻപതാം നമ്പറായി അർമാൻഡോ ബ്രോജയുണ്ട്, ഞങ്ങൾക്ക് ഒമ്പതാം നമ്പറായി റഹീം സ്റ്റെർലിംഗുണ്ട്, അതിനാൽ കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് നോക്കാം," ടൂഷേൽ വ്യക്തമാക്കി.