ഹാലൻഡിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിച്ചിരുന്നു, ഡോർട്മുണ്ട് താരം ടീമിലെത്താനുള്ള സാധ്യതകൾ തള്ളാതെ ടുഷെൽ

Sreejith N
Borussia Dortmund v 1. FC Union Berlin - Bundesliga
Borussia Dortmund v 1. FC Union Berlin - Bundesliga / Matthias Hangst/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ചെൽസി നടത്തിയിരുന്നുവെന്നു സ്ഥിരീകരിച്ച് പരിശീലകനായ തോമസ് ടുഷെൽ. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസി നോർവീജിയൻ സ്‌ട്രൈക്കർക്കു വേണ്ടി നടത്തിയ ശ്രമങ്ങൾ നടക്കാതിരുന്നതിനാൽ ഇന്റർ മിലാൻ താരമായ ലുക്കാക്കു ടീമിലെത്തിയെങ്കിലും അടുത്ത സമ്മറിൽ ഇരുവരും ഒരുമിച്ചു കളിക്കാനുള്ള സാധ്യതകൾ ടുഷെൽ പൂർണമായും തള്ളിക്കളയുകയും ചെയ്‌തില്ല.

"എർലിങ് ഹാലൻഡുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. ട്രാൻസ്‌ഫർ വിൻഡോയിൽ ഉൾപ്പെടെയാണ് അതുണ്ടായത്. എന്നാൽ അതിനു ശേഷം ആ ട്രാൻസ്‌ഫർ വളരെയധികം അയാഥാർത്ഥ്യമായതും പ്രാവർത്തികമല്ലാത്തതും ആയി മാറി," ജർമൻ മാധ്യമമായ സ്‌പോർട് ബിൽഡിനോട് സംസാരിക്കുമ്പോൾ ടുഷെൽ പറഞ്ഞു.

"സ്ഥിരമായി ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്, തീർച്ചയായും, കാരണം ഹാലൻഡ് വളരെ മികച്ച താരവും ബൊറൂസിയ ഡോർട്മുണ്ടിലെ നിർണായക സാന്നിധ്യവുമാണ്, അവർ ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ വലിയ വെല്ലുവിളി സമ്മാനിക്കുന്ന ക്ലബുമാണ്," ജർമൻ പരിശീലകൻ പറഞ്ഞു.

അടുത്ത സമ്മറിൽ ലുക്കാക്കുവും ഹാലൻഡും ഒരുമിച്ചു കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് ടുഷെലിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "മുൻനിരയിൽ ലുക്കാക്കുവും ഹാലൻഡും ഒരുമിച്ചു കളിക്കുന്നതിനെക്കുറിച്ചാണോ നിങ്ങൾ പറയുന്നത്? നമുക്കതിനെപ്പറ്റി പറയാം. ഞങ്ങളതിനെക്കുറിച്ച് വളരെ ഗൗരവത്തിൽ ചിന്തിച്ചിട്ടില്ലെന്നു കരുതുന്നു. അടുത്ത ആഴ്ച്ചകൾക്കുള്ളിൽ എന്തു സംഭവിക്കുമെന്ന് കണ്ടു നോക്കാം," ടുഷെൽ പറഞ്ഞു.

ചെൽസിക്കു പുറമെ റയൽ മാഡ്രിഡ്, പിഎസ്‌ജി. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ക്ലബുകൾക്കെല്ലാം ഹാലൻഡിൽ താൽപര്യമുണ്ട്. 2024 വരെ ബൊറൂസിയ ഡോർട്മുണ്ടുമായി കരാറുണ്ടെങ്കിലും അടുത്ത സമ്മറിൽ താരത്തിന്റെ റിലീസിംഗ് ക്ളോസ് നിലവിൽ വരുമെന്നതാണ് ക്ലബുകൾക്കെല്ലാം പ്രതീക്ഷ നൽകുന്നത്.


facebooktwitterreddit