ചെൽസി പരിശീലകൻ തോമസ് ടുഷെലിനു ക്രിസ്റ്റ്യാനോയെയും നെയ്മറെയും വേണ്ട


ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവർക്കു വേണ്ടി ചെൽസി ശ്രമം നടത്തുന്നതിൽ പരിശീലകനായ തോമസ് ടുഷെലിനു താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ. സ്വന്തം ക്ലബുകൾ വിടാൻ സാധ്യതയുള്ള ഈ രണ്ടു താരങ്ങളെയും ടീമിന്റെ ഭാഗമാക്കാൻ സാധ്യതയുള്ള ക്ലബ് ചെൽസിയാണെങ്കിലും ജർമൻ പരിശീലകന് ആ നീക്കത്തിൽ താൽപര്യമില്ലെന്ന് ഈവെനിംഗ് സ്റ്റാൻഡേർഡ് ആണു വെളിപ്പെടുത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൽപര്യപ്പെടുന്നു എന്ന വാർത്ത വന്നതു മുതൽ താരത്തെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു ചെൽസി. അതുപോലെത്തന്നെ ഈ സമ്മറിൽ പിഎസ്ജി ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന നെയ്മർക്കു വേണ്ടി ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Thomas Tuchel makes Cristiano Ronaldo and Neymar transfer decision amid Chelsea's Raphinha blow 🤔#CFC https://t.co/mHK3DPQudQ
— Chelsea FC News (@Chelsea_FL) July 12, 2022
എന്നാൽ ഈവനിംഗ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ രണ്ടു വമ്പൻ താരങ്ങൾക്കു വേണ്ടിയും ഉടമയായ ടോഡ് ബോഹ്ലി ശ്രമങ്ങൾ നടത്തുന്നതിൽ തോമസ് ടുഷെലിനു യാതൊരു താൽപര്യവുമില്ല. മുപ്പത്തിയേഴു കഴിഞ്ഞ റൊണാൾഡോയും മുപ്പതുകാരനായ നെയ്മറും യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളാണെങ്കിലും തന്റെ പദ്ധതികൾക്ക് അനുയോജ്യമായ താരങ്ങളായി ടുഷെൽ അവരെ കണക്കാക്കുന്നില്ല.
റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസുമായി ചെൽസി ഉടമ ചർച്ചകൾ നടത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ഓഫർ നൽകാനുള്ള സാധ്യത കുറവാണ്. അതേസമയം റൊണാൾഡോയെ തങ്ങൾക്ക് അടുത്ത സീസണിലും ആവശ്യമുണ്ടെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിലങ്ങിടുകയും ചെയ്തിരുന്നു.
നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് ചെൽസി. പ്രതിരോധത്തിൽ നിന്നും റുഡിഗർ, ക്രിസ്റ്റൻസെൻ എന്നിവർ ക്ലബ് വിടുകയും സിയച്ച്, ടിമോ വെർണർ, പുലിസിച്ച് എന്നിവർ മറ്റു ക്ലബുകളിലേക്ക് ചേക്കേറാൻ സാധ്യതയുമുള്ളതിനാൽ ഈ സമ്മറിൽ നിരവധി താരങ്ങളെ പകരക്കാരായി എത്തിക്കേണ്ടത് ചെൽസിക്ക് അത്യാവശ്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.