Football in Malayalam

'ലുക്കാക്കുവിനെ കളത്തിലിറക്കിയ തന്റെ തീരുമാനം തെറ്റായിരുന്നു' - വെസ്റ്റ് ഹാമിനെതിരായ തോൽവിയെക്കുറിച്ച് ടുഷെൽ

Sreejith N
West Ham United v Chelsea - Premier League
West Ham United v Chelsea - Premier League / Julian Finney/GettyImages
facebooktwitterreddit

വെസ്റ്റ് ഹാമിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കിയ തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ചെൽസി ആ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങി മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പരിക്കേറ്റു പുറത്തായ കയ് ഹാവെർട്സിനു പകരക്കാരനായി ലുക്കാക്കു കളത്തിലിറങ്ങുന്നത്. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നിരുന്ന ചെൽസി രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി വഴങ്ങി മത്സരം തോൽക്കുകയും ചെയ്‌തു. ലുക്കാക്കു കായികക്ഷമത പൂർണമായും വീണ്ടെടുത്തിരുന്നില്ല എന്നതാണ് താരത്തെ ഇറക്കിയതിൽ തന്റെ തെറ്റായി ടുഷെൽ വിശദീകരിച്ചത്.

"അതെന്റെ തെറ്റായിരുന്നു. നാൽപ്പത്തിയഞ്ച് മിനുട്ട് കളിക്കാൻ താരം ശാരീരികമായി തയ്യാറായിരുന്നു എന്നെനിക്ക് തോന്നിയില്ല എങ്കിലും കയ് ഹാവെർട്സിനെ നഷ്ടപ്പെട്ടതോടെ ഉയരക്കൂടുതൽ കണക്കിലെടുത്ത് ഞങ്ങൾ ലുക്കാക്കുവിനെ കളിക്കളത്തിൽ ഇറക്കുകയായിരുന്നു."

"സെറ്റ് പീസുകൾ പ്രതിരോധിക്കുന്നതിൽ കയ് ഹാവെർട്സിനു വലിയൊരു വേഷമുണ്ട്. വെസ്റ്റ് ഹാമിൽ നിന്നും പ്രധാന ഭീഷണിയായി വന്നതും അതു തന്നെയായിരുന്നു, അതുകൊണ്ട് ഇതെന്റെ മാത്രം തെറ്റാണ്. ഞാനാണ് ആ തീരുമാനം എടുത്തത്, അതെന്റെ ഉത്തരവാദിത്വവുമാണ്." ടുഷെൽ ചെൽസി വെബ്‌സൈറ്റിനോട് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ വിജയം കണ്ടുള്ളൂവെങ്കിലും ചെൽസിയുടെ പ്രകടനത്തെ സംശയിക്കേണ്ട കാര്യമില്ലെന്നും ടുഷെൽ പറഞ്ഞു. ചില പ്രത്യേക വിഷയങ്ങളിലാണ് ചെൽസിയുടെ പോരായ്മകൾ ഉള്ളതെന്നും അത് പരിഹരിക്കാൻ കഴിയുന്നതാണെന്നുള്ള ആത്മവിശ്വാസവും ടുഷെൽ പ്രകടിപ്പിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit