Football in Malayalam

'ആ തോൽവിക്ക് ശേഷം രണ്ടു ദിവസം എന്നെ ഇരുട്ടു മൂടിയിരുന്നു' - മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയത്തെ കുറിച്ച് തോമസ് ടുഷൽ

Sreejith N
Paris Saint-Germain v Manchester United - UEFA Champions League Round of 16: Second Leg
Paris Saint-Germain v Manchester United - UEFA Champions League Round of 16: Second Leg / Shaun Botterill/Getty Images
facebooktwitterreddit

2019ലെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വഴങ്ങിയ തോൽവി തന്റെ പരിശീലക കരിയറിലെ ഏറ്റവും മോശം അനുഭവമായിരുന്നുവെന്നു വെളിപ്പെടുത്തി ചെൽസി മാനേജർ തോമസ് ടുഷൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെൽസി നേരിടാനിരിക്കെയാണ് ജർമൻ പരിശീലകൻ, സോൾഷെയറിന്റെ ടീം തനിക്കു സമ്മാനിച്ച തിരിച്ചടിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

2019ലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ചിരുന്നെങ്കിലും രണ്ടാം പാദത്തിൽ അപ്രതീക്ഷിതമായി മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്‌ജിയുടെ മൈതാനത്ത് വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ ഗോളുകളുടെ പിൻബലത്തിലാണ് ക്വാർട്ടറിലേക്ക് ചേക്കേറിയത്.

"വളരെ സത്യസന്ധമായി തന്നെ പറയുകയാണെങ്കിൽ ആ മത്സരത്തിന് ശേഷം രണ്ടു ദിവസത്തോളം എന്നെ ഇരുട്ടു മൂടിയതു പോലെയായിരുന്നു. എനിക്ക് ആരോടും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ഞാനെപ്പോഴും ചിന്തിച്ചിരുന്നത് ഈ തോൽവിയെ കുറിച്ച് മാത്രമായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും വന്ന തോൽവിയായതു കൊണ്ടു തന്നെ കരിയറിലെ ഏറ്റവും മോശം തോൽവിയായിരുന്നു അത്," ചെൽസി-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ടുഷൽ പറഞ്ഞു.

"അതിനു മുൻപോ ശേഷമോ അത്തരമൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരത്തിൽ, ഒന്നുമില്ലായ്മയിൽ നിന്ന് വന്നതാണ് ആ തോൽവിയെന്നതു കൊണ്ടു തന്നെ അത് വേദനിപ്പിക്കുകയും മനസിലാക്കാൻ സമയമെടുക്കുകയും ചെയ്‌തു."

നാളെ രാത്രി പത്ത് മണിക്കാണ് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും സ്റ്റാഫോം ബ്രിഡ്‌ജിൽ ഏറ്റുമുട്ടുന്നത്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ നിലനിറുത്താൻ വിജയം അനിവാര്യമാണ്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയുമായി പത്ത് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന യുണൈറ്റഡിന് രണ്ടാം സ്ഥാനം നിലനിർത്താൻ ചെൽസിയെ തോൽപ്പിച്ചേ മതിയാവൂ.

facebooktwitterreddit