ചാമ്പ്യൻസ് ലീഗ് ഫൈനൽ പെനാൽറ്റിയിലേക്ക് നീളും, കിരീടം ആർക്കായിരിക്കുമെന്ന് പ്രവചിച്ച് തോമസ് മുള്ളർ

Thomas Muller Predicts Champions League Winners
Thomas Muller Predicts Champions League Winners / Fran Santiago/GettyImages
facebooktwitterreddit

ലിവർപൂളും റയൽ മാഡ്രിഡും തമ്മിൽ ഇന്നു രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയം ആർക്കായിരിക്കുമെന്ന് പ്രവചിച്ച് ബയേൺ മ്യൂണിക്ക് താരമായ തോമസ് മുള്ളർ. രണ്ടു ടീമുകളും കരുത്തുറ്റവരും എഴുതിത്തള്ളാൻ കഴിയാത്തവരും ആയതിനാൽ മത്സരത്തിന്റെ വിധിയെഴുത്ത് പെനാൽറ്റി ഷൂട്ടൗട്ട് വരെ നീളുമെന്നാണ് തോമസ് മുള്ളർ അഭിപ്രായപ്പെടുന്നത്.

ഈ സീസണിൽ എഫ്എ കപ്പും കറബാവോ കപ്പും നേടുകയും മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്‌തതിനു ശേഷമാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നത്. അതേസമയം വെല്ലുവിളികളില്ലാതെ ലാ ലിഗ നേടിയ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ ഉയർന്ന വെല്ലുവിളികളെ അവിശ്വസനീയമായ രീതിയിൽ മറികടന്നാണ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്.

അതേസമയം ബയേൺ മ്യൂണിക്കിനൊപ്പം രണ്ടു ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ പങ്കാളിയായ തോമസ് മുള്ളർ ലിവർപൂളിന്റെ വിജയമാണ് പ്രവചിക്കുന്നത്. കൂടുതൽ മികച്ച ടീം ലിവർപൂൾ ആണെന്നു മുള്ളർ പറയുന്നുണ്ടെങ്കിലും റയൽ മാഡ്രിഡിനെ ഒരിക്കലും വിലകുറച്ചു കാണാൻ കഴിയില്ലെന്നതിനാൽ മത്സരം സമനിലയിൽ പിരിയാനാണ് സാധ്യതയെന്ന് താരം കൂട്ടിച്ചേർത്തു.

"ലിവർപൂളാണ് കൂടുതൽ മികച്ചതെന്ന തോന്നലാണ് ഉണ്ടാവുക. പക്ഷെ റയൽ മാഡ്രിഡ് ലീഗിലും പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിലും നടത്തിയ പ്രകടനം പരിഗണിക്കുമ്പോൾ ഞാനൊരിക്കലും അവരെ എഴുതിത്തള്ളില്ല. അതുകൊണ്ട് മത്സരം 2-2 ആയിരിക്കുമെന്നും ലിവർപൂൾ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുമെന്നും ഞാൻ പറയുന്നു." മുള്ളർ ടിസെഡിനോട് പറഞ്ഞു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഭാഗ്യം ലിവർപൂളിന്റെ കൂടെയാണെന്നാണ് ഈ സീസണിൽ അവർ വിജയിച്ച രണ്ടു ഫൈനലുകളിലൂടെ തെളിഞ്ഞത്. ഫെബ്രുവരിയിൽ നടന്ന കറബാവോ കപ്പ് ഫൈനലിൽ ചെൽസിയെ ഷൂട്ടൗട്ടിൽ 11-10 എന്ന സ്കോറിന് തോൽപ്പിച്ച അവർ അതിനു ശേഷം ഈ മാസം നടന്ന എഫ്എ കപ്പ് ഫൈനലിൽ ചെൽസിക്കെതിരെ തന്നെ 6-5 എന്ന സ്കോറിന്റെ വിജയവും നേടുകയുണ്ടായി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.