Football in Malayalam

ബാഴ്‌സലോണയുടെ മോശം പ്രകടനത്തെക്കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തി തോമസ് മുള്ളർ

Sreejith N
FC Bayern München v FC Barcelona: Group E - UEFA Champions League
FC Bayern München v FC Barcelona: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്‌സലോണയെ കീഴടക്കിയതിനു ശേഷം കാറ്റലൻ ക്ലബ് കുറച്ചു കാലമായി കാഴ്‌ച വെക്കുന്ന മോശം പ്രകടനത്തെ സംബന്ധിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തി ബയേൺ മ്യൂണിക്ക് താരമായ തോമസ് മുള്ളർ. മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ ഗോൾവേട്ട മുള്ളർ തുടങ്ങിവെച്ചപ്പോൾ ലെറോയ് സാനെ, ജമാൽ മുസിയാല എന്നിവരാണ് അതു പൂർത്തിയാക്കിയത്.

ജീവന്മരണ പോരാട്ടമായിരുന്നിട്ടു കൂടി ബയേണിന്റെ മൈതാനത്ത് ഒന്നു പൊരുതാൻ പോലും കഴിയാതെയാണ് ബാഴ്‌സലോണ കീഴടങ്ങിയത്. ഇതോടെ യുവേഫ കപ്പ് യൂറോപ്പ ലീഗാക്കി മാറ്റിയതിനു ശേഷം അതിൽ അതിലാദ്യമായി കളിക്കേണ്ടി വരികയെന്ന സാഹചര്യം വന്ന ബാഴ്‌സലോണക്ക് ടോപ് ലെവൽ ഫുട്ബോളിന്റെ തീവ്രതയുമായി ഒത്തുപോകാൻ കഴിയുന്നില്ല എന്നാണു മുള്ളർ പറഞ്ഞത്.

"ബാഴ്‌സലോണക്ക് ഇതിന്റെ തീവ്രതയുമായി ഒത്തുപോകാൻ കഴിയുന്നില്ല. സാങ്കേതികമായി അവർക്കെല്ലാമുണ്ട്. അവർക്ക് തന്ത്രപരമായും സാങ്കേതികപരമായും ഉയർന്നു നിൽക്കുന്ന മികച്ച താരങ്ങളുണ്ട്. എന്നാൽ ടോപ് ലെവൽ ഫുട്ബോളിന്റെ തീവ്രതയെ അവർക്ക് അഭിമുഖീകരിക്കാൻ കഴിയില്ല." മുള്ളർ മത്സരത്തിനു ശേഷം ഡിഎസെഡ്എന്നിനോട് പറഞ്ഞു.

മുള്ളർ പറഞ്ഞത് നിഷേധിക്കാൻ കഴിയാത്ത സത്യമാണെന്ന് സമീപകാലത്ത് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നടത്തിയ പ്രകടനങ്ങൾ തെളിയിക്കുന്നു. 2017 ഫെബ്രുവരിക്കു ശേഷം അഞ്ചു വ്യത്യസ്‌ത പരിശീലകരുടെ കീഴിൽ മൂന്നോ അതിലധികമോ ഗോളുകൾക്ക് പത്തു തവണയാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ തോറ്റിരിക്കുന്നത്.

യൂറോപ്പ ലീഗിലെത്തിയ ബാഴ്‌സലോണയുടെ നോക്ക്ഔട്ട് പ്ലേ ഓഫിലെ എതിരാളികളെ ഡിസംബർ 13നു നടക്കുന്ന നറുക്കെടുപ്പിലാണ് അറിയാൻ കഴിയുക. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളിലെ എട്ടു മൂന്നാം സ്ഥാനക്കാരും യൂറോപ്പ ലീഗ് ഗ്രൂപ്പിലെ എട്ടു രണ്ടാം സ്ഥാനക്കാരും പ്ലേ ഓഫിൽ ഏറ്റുമുട്ടി അതിൽ വിജയിക്കുന്നവരും യൂറോപ്പ ലീഗ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരുമാണ് അവസാന പതിനാറിൽ ഏറ്റു മുട്ടുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളംഎന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit