Football in Malayalam

മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിൽ നിരാശനായി മുള്ളർ, ബാഴ്‌സലോണക്ക് മുന്നറിയിപ്പ്

Sreejith N
Barcelona v Bayern Munich - UEFA Champions League Quarter Final
Barcelona v Bayern Munich - UEFA Champions League Quarter Final / Pool/GettyImages
facebooktwitterreddit

2021 ബാലൺ ഡി ഓർ ലയണൽ മെസി സ്വന്തമാക്കിയതിലുള്ള നിരാശ വ്യക്തമാക്കി ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. റോബർട്ട് ലെവൻഡോസ്‌കിയാണ് പുരസ്‌കാരം അർഹിച്ചതെന്നു പറഞ്ഞ ജർമൻ താരം ബാഴ്‌സലോണക്ക് മുന്നറിയിപ്പും നൽകി. തൊഴിൽ അന്വേഷകർക്കുള്ള ആപ്പായ ലിങ്ക്ഡ്ഇന്നിലൂടെയാണ് മുള്ളർ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിലുള്ള നിരാശ അറിയിച്ചത്.

"ബവേറിയൻ, പോളിഷ്, ജർമൻ എന്നിവരുടെ കാഴ്‌ചപ്പാടിൽ കഴിഞ്ഞ രാത്രി നടന്ന ബാലൺ ഡി ഓർ അവാർഡ് ദാനച്ചടങ് തീർത്തും നിരാശാജനകമായിരുന്നു. ചിലർക്കത് അതിനേക്കാൾ കൂടുതലായിരുന്നു. ഈ ബിസിനെസിൽ മുൻപ്‌ തന്നെ ഉണ്ടായിരുന്നു എന്നതിനാൽ ഫലം എന്നെ ആശ്ചര്യപ്പെടുത്തിയില്ല. 2013ൽ ഫ്രാങ്ക് റിബറിക്ക് സംഭവിച്ചതു തന്നെയാണ് ഇവിടെയും ഉണ്ടായത്."

"ഇതെല്ലാം എന്റെ തലയിൽ ഒരു ചിന്തയെ ഉറപ്പിക്കുകയുണ്ടായി. ബുണ്ടസ്‌ലിഗയിൽ ഞങ്ങൾക്ക് മികച്ച കളിക്കാരുണ്ടെന്ന കാര്യം മറച്ചു വെക്കേണ്ടതില്ല. എന്നാൽ ലോകമെമ്പാടുമുള്ള അംഗീകാരം ലഭിക്കാൻ ഞങ്ങൾക്ക് കൂടുതൽ അന്താരാഷ്‌ട്ര വിജയങ്ങൾ ആവശ്യമാണ്."

"ചാമ്പ്യൻസ് ലീഗ് മ്യൂണിക്കിലേക്ക് തിരിച്ചു കൊണ്ടു വരാനും ഫുട്ബോൾ ലോകത്തിനു ഞങ്ങളെന്താണെന്നും ജർമൻ ഫുട്ബോളിന് എന്താണ് നൽകാൻ കഴിയുകയെന്നു കാണിച്ചു കൊടുക്കാനും ഇത് പ്രചോദനമാണ്. അതിനുള്ള അടുത്ത അവസരം ബാഴ്‌സലോണക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരമാണ്. അതിനായി തയ്യാറെടുക്കാം," മുള്ളർ കുറിച്ചു.

വെല്ലുവിളിയുടെ സ്വരമുള്ള മുള്ളറുടെ പ്രസ്‌താവന ബാഴ്‌സയെ സംബന്ധിച്ച് വലിയൊരു ഭീഷണി തന്നെയാണ്. ബയേണിനെതിരെ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഈ സീസണിൽ യൂറോപ്പ ലീഗ് കളിക്കേണ്ടി വരുമെന്ന സാഹചര്യമാണ് ബാഴ്‌സക്കുള്ളത്. നിലവിലെ ഫോമിൽ ബാഴ്‌സ ബയേണിനെ തോൽപ്പിക്കാനുള്ള സാധ്യതയും കുറവാണ്.


facebooktwitterreddit