Football in Malayalam

'സൂപ്പർതാരങ്ങളല്ല പ്രധാനപ്പെട്ടത്' - മെസിക്കും പിഎസ്‌ജിക്കും മുന്നറിയിപ്പു നൽകി തിയറി ഹെൻറി

Sreejith N
FBL-FRA-LIGUE1-PSG-TRAINING
FBL-FRA-LIGUE1-PSG-TRAINING / BERTRAND GUAY/Getty Images
facebooktwitterreddit

നിരവധി സൂപ്പർതാരങ്ങളല്ല, ടീമിന്റെ സന്തുലിതാവസ്ഥയാണ് നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ പ്രധാനമെന്ന് ഫ്രാൻസിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസതാരമായ തിയറി ഹെൻറി. ലയണൽ മെസിയുടെ ട്രാൻസ്‌ഫറോടെ പിഎസ്‌ജി യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമായി മാറിയെന്ന വാർത്തകൾക്കു മറുപടി നൽകുമ്പോഴാണ് ഹെൻറി താരത്തിനും ഫ്രഞ്ച് ക്ലബിനും സുപ്രധാന മുന്നറിയിപ്പു നൽകിയത്.

ബാഴ്‌സയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ വിടവാങ്ങിയ മെസിയുടെ വരവോടെ പിഎസ്‌ജിയിൽ യൂറോപ്യൻ ഫുട്ബോളിലെ നിരവധി സൂപ്പർതാരങ്ങളാണ് ഒരുമിച്ചിരിക്കുന്നത്. നെയ്‌മർ, എംബാപ്പെ, മാർക്വിന്യോസ്, വെറാറ്റി, ഡി മരിയ, ഇകാർഡി തുടങ്ങിയ താരങ്ങളുള്ള പിഎസ്‌ജിയിലേക്ക് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റാമോസ്, ഡോണറുമ്മ, വൈനാൽഡം, ഹക്കിമി തുടങ്ങിയവരും മെസിക്കു പുറമെ എത്തിയിട്ടുണ്ട്.

എന്നാൽ നിരവധി സൂപ്പർതാരങ്ങളുണ്ടെങ്കിലും പ്രതിരോധത്തിൽ പിഎസ്‌ജിക്ക് കുഴപ്പങ്ങളുണ്ടെന്നാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളെ വിലയിരുത്തി ഹെൻറി പറയുന്നത്. "സന്തുലിതാവസ്ഥ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഘട്ടത്തിൽ നമ്മൾ വലിയ കളിക്കാരെക്കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചും ആക്രമിച്ചു കളിക്കുന്നതിനെ കുറിച്ചും സംസാരിക്കും. എന്നാൽ ബാലൻസാണ് ടീമിനാവശ്യം."

"ഞാൻ കളിച്ചിരുന്ന സമയത്തെ ബാഴ്‌സലോണയെക്കുറിച്ച് പലരും സംസാരിക്കും. എന്നാൽ അതിൽ ചൂണ്ടിക്കാണിക്കാൻ മറക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം ആ ടീം ഗോളുകൾ അധികം വഴങ്ങിയിരുന്നില്ല എന്നതാണ്. പൊതുവായി പറയുമ്പോൾ ഗോളുകൾ കൂടുതൽ വഴങ്ങാത്ത ടീമുകൾ കിരീടത്തിൽ നിന്നും അകലെയല്ല, ചാമ്പ്യൻസ് ലീഗിലും അതങ്ങിനെ തന്നെയാണ്," ഹെൻറി പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്തു.

വളരെ മികച്ച താരങ്ങളുണ്ടെങ്കിൽ എല്ലാം വളരെ എളുപ്പമായി വരുമെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ പിഎസ്‌ജി പ്രതിരോധത്തിൽ പോരായ്‌മകൾ കാണിച്ചുവെന്ന് ഹെൻറി പറയുന്നു. പല താരങ്ങളും കളിക്കാൻ ഇറങ്ങിയില്ലെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങുന്നത് ടീമിന് ഉചിതമല്ലെന്നും ബാലൻസ് കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit