തനിക്കൊപ്പം കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരം മെസിയല്ലെന്ന് തിയറി ഹെൻറി


തനിക്കൊപ്പം കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരം ലയണൽ മെസിയല്ലെന്ന് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി. കഴിഞ്ഞ ദിവസം ട്യൂസ്ഡേ നൈറ്റ് ഓൺ സിബിഎസ് സ്പോർട്സിൽ ഫുട്ബോൾ പണ്ഡിറ്റായി പങ്കെടുക്കുമ്പോഴാണ് വ്യത്യസ്തമായ അഭിപ്രായവുമായി മുൻ ആഴ്സണൽ, ബാഴ്സലോണ താരം രംഗത്തെത്തിയത്.
2007 മുതൽ 2010 വരെയുള്ള മൂന്നു വർഷങ്ങൾ ഹെൻറി ബാഴ്സയിൽ മെസിക്കൊപ്പം കളിച്ചിരുന്നു. ആ കാലഘട്ടത്തിൽ രണ്ടു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഇവർ ക്ലബിനു വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. അതിനു ശേഷം 2010ൽ ബാഴ്സലോണ വിട്ട ഫ്രഞ്ച് താരം എംഎൽഎസ് ക്ലബായ ന്യൂയോർക്ക് റെഡ് ബുൾസിലേക്ക് ചേക്കേറുകയായിരുന്നു.
ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസിയെ ഏവരും വാഴ്ത്തുമ്പോഴാണ് തനിക്കൊപ്പം കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരം മെസിയല്ലെന്ന് ഹെൻറി വ്യക്തമാക്കുന്നത്. സിബിഎസ് സ്പോർട്ടിന്റെ അവതാരകനായ കേറ്റ് അബ്ദോ ഒപ്പം കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരമേതെന്നു ചോദിച്ചപ്പോൾ ഡെന്നിസ് ബെർഗ്കാമ്പെന്നാണ് ഹെൻറി മറുപടി നൽകിയത്.
Thierry Henry incredibly snubs Lionel Messi when asked who is the best player he's ever played with https://t.co/9HXD6Ne8Ua
— The Sun Football ⚽ (@TheSunFootball) October 21, 2021
ഹെൻറിയുടെ മറുപടിയിൽ വിശ്വാസം വരാത്ത അബ്ദോ മെസിയെക്കുറിച്ച് ചോദിച്ചപ്പോഴും തന്റെ മറുപടിയിൽ ഉറച്ചു നിൽക്കുകയാണ് ഫ്രാൻസിനൊപ്പം ലോകകിരീടം നേടിയ ഇതിഹാസതാരം ചെയ്തത്.
1999 മുതൽ 2006 വരെ ആഴ്സണൽ ടീമിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് ഹെൻറിയും ബെർഗ്കാമ്പും. ആ കാലഘട്ടത്തിലാണ് ആഴ്സണൽ രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങൾ തുടർച്ചയായി നേടുന്നതും ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തുന്നതും. 2006ൽ ഡച്ച് താരം വിരമിച്ചതിന്റെ അടുത്ത വർഷം ഹെൻറി ആഴ്സണൽ വിടുകയും ചെയ്തു.