Football in Malayalam

'പിഎസ്‌ജിക്ക് ഒരു കേളീശൈലി കണ്ടെത്തുക എളുപ്പമല്ല' - ബാഴ്‌സലോണയുമായി ഫ്രഞ്ച് ക്ലബിനെ താരതമ്യം ചെയ്‌ത്‌ തിയറി ഹെൻറി

Sreejith N
RB Leipzig v Paris Saint-Germain: Group A - UEFA Champions League
RB Leipzig v Paris Saint-Germain: Group A - UEFA Champions League / Stuart Franklin/GettyImages
facebooktwitterreddit

നിരന്തരമായി പിന്തുടർന്നു പോരുന്നൊരു കേളീശൈലിയുടെ വലിയൊരു ചരിത്രം അവകാശപ്പെടാനില്ലാത്ത ക്ലബ് ആയതു കൊണ്ടും ഈ സീസണിന്റെ തുടക്കത്തിൽ നിരവധി സൂപ്പർതാരങ്ങൾ പലപ്പോഴായി എത്തിയതു കൊണ്ടും പിഎസ്‌ജിയിൽ മൗറീസിയോ പോച്ചട്ടിനോക്ക് ഒരു കേളീശൈലി കണ്ടെത്തുക പ്രയാസമാകുമെന്ന് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി. ലെ ജേണൽ ഡു ഡിമാഞ്ചയോട് സംസാരിക്കുമ്പോഴാണ് ഹെൻറി പിഎസ്‌ജി പരിശീലകൻ നേരിടുന്ന പ്രതിസന്ധി പരാമർശിച്ചത്.

തന്റെ മുൻ ക്ലബായ ബാഴ്‌സലോണയെ താരതമ്യം ചെയ്‌താണ്‌ ഹെൻറി പിഎസ്‌ജി ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം വ്യക്തമാക്കിയത്. ബാഴ്‌സലോണ വളരെക്കാലമായി ഒരേ ശൈലിയിൽ തുടർന്നു പോകുന്ന, വലിയൊരു ചരിത്രം അവകാശപ്പെടാൻ കഴിയുന്ന ക്ലബാണെന്നും അത് പിഎസ്‌ജിക്ക് ഇല്ലാത്തതിനാൽ പോച്ചട്ടിനോയുടെ ജോലി കഠിനമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

"മൗറീസിയോ പോച്ചട്ടിനോയെ കുറിച്ച് ഒഴികഴിവുകൾ പറയാൻ ആഗ്രഹിക്കാതെ തന്നെ ഞാൻ പറയുന്നു. സീസണിന്റെ തുടക്കത്തിൽ നിരവധി കളിക്കാർ വൈകിയെത്തുകയും നിങ്ങൾ ഓരോ മൂന്നു ദിവസം കൂടുമ്പോഴും മത്സരങ്ങൾ കളിക്കുമ്പോഴും അവരുമായി ജോലി ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ടീമിന്റെ ഫിലോസഫിയെക്കുറിച്ച് സംസാരിക്കാൻ സമയം കിട്ടുമ്പോൾ അവരെല്ലാം ഇന്റർനാഷണൽ ഡ്യൂട്ടിക്ക് പോവുകയാണ്. ഒരു ശൈലി കണ്ടെത്തുക ഒട്ടും എളുപ്പമുള്ള കാര്യമല്ല."

"ബാഴ്‌സലോണയിൽ നിങ്ങൾക്ക് പിന്തുടരാൻ ചിലതുണ്ട്, കാരണം അവർക്ക് ചരിത്രമുണ്ട്. റൈനസ് മൈക്കൽ അവിടെ ഉണ്ടായിരുന്നു, അതിനൊപ്പം തന്നെ യോഹാൻ ക്രൈഫും വന്നു. എന്നാൽ പോച്ചട്ടിനോ ഒരു സിസ്റ്റവും അതിൽ കളിക്കാൻ പതിനൊന്നു താരങ്ങളെയും തിരഞ്ഞു കൊണ്ടിരിക്കയാണ്," ഹെൻറി വ്യക്തമാക്കി.

ഇതാദ്യമായല്ല പിഎസ്‌ജിയിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന കാര്യം ഹെൻറി സൂചിപ്പിക്കുന്നത്. ലയണൽ മെസി ഇതുവരെയും ഫോം കണ്ടെത്താത്തതിന്റെ കാരണം താരം അവിടെ ഒറ്റപ്പെട്ടു പോയതു കൊണ്ടാണെന്നും അതിനെ മറികടക്കാൻ പോച്ചട്ടിനോക്ക് കഴിയണമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.


facebooktwitterreddit