Football in Malayalam

എംബാപ്പയുടെ ഭാവി രണ്ടു വർഷം മുൻപേ പരിഹരിക്കണമായിരുന്നു, പിഎസ്‌ജിക്കെതിരെ വിമർശനവുമായി തിയറി ഹെൻറി

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

റയൽ മാഡ്രിഡും പിഎസ്‌ജിയും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഏറ്റുമുട്ടുമെന്നുറപ്പിച്ചത് ഫ്രഞ്ച് ക്ലബിന്റെ മുന്നേറ്റനിര താരമായ കെയ്‌ലിയൻ എംബാപ്പയെ സംബന്ധിച്ച് അത്ര സുഖകരമായ വാർത്തയല്ല. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച താരത്തിനായി 200 മില്യൺ യൂറോ വരെ റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തെങ്കിലും എംബാപ്പയെ വിട്ടുകൊടുക്കാൻ ഫ്രഞ്ച് ക്ലബ് തയ്യാറായിരുന്നില്ല.

ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരം അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടുന്നത്. ഇതിനു പിന്നാലെ എംബാപ്പയുടെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം നേരത്തെ പരിഹരിക്കാതിരുന്നതിൽ പിഎസ്‌ജിയെ വിമർശിച്ച് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി രംഗത്തു വരികയും ചെയ്‌തു.

"രണ്ടു വർഷങ്ങൾക്കു മുൻപു തന്നെ പരിഹരിക്കേണ്ടതായിരുന്നു അത്. രണ്ടു വർഷം മുൻപേ എംബാപ്പക്കൊപ്പം ഇരുന്ന് 'ഇതു നിന്റെ ടീമായിരിക്കും, ഞങ്ങൾ നിനക്ക് ചുറ്റും ഒരു ടീമിനെ ഉണ്ടാക്കാൻ പോവുകയാണ്' എന്നു പറയണമായിരുന്നു. എന്നാലിപ്പോൾ സ്വന്തം വിധി താരത്തിന്റെ കയ്യിലാണുള്ളത്, ഏതു ക്ലബിലേക്കും പോകാൻ താരത്തിനു കഴിയും." ആമസോണിനോട് സംസാരിക്കുമ്പോൾ ഹെൻറി പറഞ്ഞു.

ഈ സീസണോടെ കരാർ അവസാനിക്കും എന്നിരിക്കെ ജനുവരി ഒന്നു മുതൽ ഫ്രാൻസിനു പുറത്തുള്ള ഏതു ക്ലബുമായും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ ഫ്രഞ്ച് താരത്തിനു കഴിയും. ഇരു ടീമുകളും ചാമ്പ്യൻസ് ലീഗിൽ ഏറ്റു മുട്ടുന്നതിനു മുൻപ് എംബാപ്പെ റയൽ മാഡ്രിഡുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിടുകയാണെങ്കിൽ അത് ഫ്രാൻസിൽ വലിയ വിവാദത്തിനു തന്നെ കാരണമായേക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit