മെസി പിഎസ്ജിയിൽ ഒറ്റപ്പെട്ടു, താരത്തിന്റെ പൊസിഷൻ മാറ്റണമെന്ന് തിയറി ഹെൻറി


ലയണൽ മെസി പിഎസ്ജിയിൽ ഒറ്റപ്പെട്ടു പോയെന്നും കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന്റെ പൊസിഷനിൽ മാറ്റം വരുത്തണമെന്നും മെസിയുടെ മുൻ സഹതാരവും ഫ്രഞ്ച് ഇതിഹാസവുമായ തിയറി ഹെൻറി. ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബിലെത്തിയ മെസിക്ക് ഇതുവരെയും പ്രതിഭക്കൊത്ത പ്രകടനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഹെൻറി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
"മെസി ഒറ്റപ്പെട്ടു പോയിരിക്കുന്നു. അദ്ദേഹത്തിനു വളരെക്കുറച്ചു മാത്രമേ പന്ത് ലഭിക്കുന്നുള്ളൂ. മെസി വിഷാദത്തിലാണെന്നു ഞാൻ പറയുന്നില്ല, പക്ഷെ അദ്ദേഹം ഒറ്റപ്പെട്ടു പോയിട്ടുണ്ട്. മെസി മധ്യത്തിലൂടെ കളിക്കുന്നതിനാണ് ഞാൻ താൽപര്യപ്പെടുന്നത്. അദ്ദേഹം വലതു വശത്തു കളിക്കുന്നതിൽ ഞാൻ കുഴപ്പം കാണുന്നു. മെസിയെയും എംബാപ്പയെയും നെയ്മറെയും ഒരുമിച്ചു കളിപ്പിക്കാൻ കൂടുതലെന്തൊക്കെയോ കണ്ടെത്തേണ്ടതുണ്ട്." ഹെൻറി ആർഎംസി സ്പോർടിനോട് പറഞ്ഞു.
Lionel Messi's tactical problems at PSG highlighted by Thierry Henryhttps://t.co/WvtFT8eQAK pic.twitter.com/A3uoIhvbfY
— Mirror Football (@MirrorFootball) October 25, 2021
"വലതു വശത്ത് അദ്ദേഹത്തിന് കൂടുതലെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അതിനു കഴിയുമെങ്കിൽ എനിക്ക് ടീമിന്റെ തന്ത്രങ്ങളുടെ വിശദവിവരങ്ങൾ അറിയില്ലെന്നു കരുതണം. ഏറ്റവും മുൻനിരയിൽ തുടരുമ്പോൾ കൂടുതൽ പന്തുകൾ ലഭിക്കാതിരുന്നാൽ മെസിക്ക് നല്ലൊരു പ്രഭാവമുണ്ടാക്കാൻ കഴിയില്ല."
"മെസി കൂടുതൽ സംസാരിക്കില്ല, അദ്ദേഹം പന്തുമായാണ് സംസാരിക്കുക. നിലവിൽ ഇത് എംബാപ്പയുടെ ടീമാണ്, എംബാപ്പെ തന്നെയാണ് കൂടുതൽ തിളങ്ങുന്നതും താരത്തിലേക്കാണ് പന്തു കൂടുതൽ പോകുന്നതും. ഒരു സമയത്ത് ഒരു നായകൻ മാത്രമേ ഉണ്ടാവാൻ പാടുകയുള്ളൂ, അതല്ലെങ്കിൽ നിങ്ങൾക്ക് താളം കണ്ടെത്താൻ കഴിയില്ല. പക്ഷെ ഈ ടീമിൽ ഒരുപാട് നായകന്മാരുണ്ട്." ഹെൻറി വ്യക്തമാക്കി.
ബാഴ്സയിൽ പൂർണ സ്വാതന്ത്ര്യത്തോടെ കളിച്ചിരുന്ന മെസി ഫ്രഞ്ച് ലീഗുമായി ഇണങ്ങിച്ചേരാൻ ശ്രമിച്ചു കൊണ്ടിരിക്കയാണെങ്കിലും ഇതുവരെയും ലീഗിൽ ഒരു തവണ പോലും വല കുലുക്കിയിട്ടില്ല. അതേസമയം ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടാൻ അർജന്റീനിയൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.