റയൽ മാഡ്രിഡിനു പ്രകോപനമുണ്ടാക്കുന്ന വാക്കുകളുമായി മുൻ ബാഴ്‌സലോണ താരം തിയറി ഹെൻറി
By Sreejith N

പെപ് ഗ്വാർഡിയോള പരിശീലകനായ, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാഴ്‌സലോണ ടീമിന്റെ ഭാഗമായ താരങ്ങളിൽ ഒരാളായിരുന്നു തിയറി ഹെൻറി. ആഴ്‌സണൽ, ഫ്രാൻസ് ടീമുകളുടെയും ഇതിഹാസതാരമായ ഹെൻറിക്ക് ബാഴ്‌സയോട് ഇപ്പോഴും വളരെയധികം പ്രതിപത്തിയുണ്ട്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിനെക്കുറിച്ച് താരം നടത്തിയ പ്രതികരണം അത് വ്യക്തമാക്കുന്നതിനൊപ്പം റയലിന്റെ ആരാധകർക്ക് പ്രകോപനം ഉണ്ടാക്കുന്നതു കൂടിയായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം പിടിച്ചതിനെക്കുറിച്ച് സിബിഎസ് സ്പോർട്സിനോട് പ്രതികരിക്കുമ്പോൾ താരം പറഞ്ഞത് ഇങ്ങിനെയായിരുന്നു. "യൂറോപ്പിലെ എല്ലാ ടീമുകളും റയൽ മാഡ്രിഡിനെ പേടിക്കുന്നു. ആ റയൽ മാഡ്രിഡ് പേടിക്കുന്നത് ബാഴ്‌സലോണയെ". ഇതിനു പുറമെ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവചനവും റയൽ മാഡ്രിഡിന് എതിരായിരുന്നു.
"വ്യക്തിപരമായി ഞാൻ കരുതുന്നത് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്നാണ്. അവർ റയൽ മാഡ്രിഡിനെക്കാൾ കരുത്തരായ ടീമാണ്." ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ ആരാണ് വിജയിക്കാൻ സാധ്യത എന്നതിനെക്കുറിച്ച് ഹെൻറി പറഞ്ഞു. അതേസമയം അടുത്ത ബാലൺ ഡി ഓർ നേടാൻ കരിം ബെൻസിമക്ക് ഹെൻറി പിന്തുണ നൽകി.
"ബെൻസിമ തന്നെയാണ് മുന്നിലുള്ളത്. എന്നാൽ ലിവർപൂളിനോപ്പം മാനെ കിരീടം നേടുകയും അവർ ക്വാഡ്രപ്പിൾ കിരീടങ്ങൾ നേടുകയും ചെയ്‌താൽ കരുത്തുറ്റ എതിരാളിയായി താരം വരാൻ സാധ്യതയുണ്ട്. അത് ആഫ്രിക്കക്കും മഹത്തായ ഒരു കാര്യം തന്നെയായിരിക്കും. പക്ഷെ ഞാൻ ഫ്രഞ്ച് താരം നേടുമെന്നു തന്നെയാണ് കരുതുന്നത്." ഹെൻറി പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.