രണ്ടു വർഷത്തിലൊരിക്കൽ ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിക്കണമെന്ന വെംഗറുടെ നിർദ്ദേശത്തിനെതിരെ തുറന്നടിച്ച് തിയറി ഹെന്റി

By Gokul Manthara
Paris Saint-Germain v Olympique Lyonnais - Ligue 1
Paris Saint-Germain v Olympique Lyonnais - Ligue 1 / John Berry/Getty Images
facebooktwitterreddit

രണ്ട് വർഷത്തിലൊരിക്കൽ ഫുട്ബോൾ ലോകകപ്പ് നടത്തുകയെന്ന ആഴ്സീൻ വെംഗറുടെ ആശയത്തെ എതിർത്ത് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ തിയറി ഹെന്റി. രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്നത് കളികാരെ ക്ഷീണിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഹെന്റി, താരങ്ങളെ ഇത് മാനസികമായി തളർത്തുമെന്നും കൂട്ടിച്ചേർത്തു.

നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പ്മെന്റ് ചീഫായ ആഴ്സീൻ വെംഗർ രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് സംഘടിപ്പിക്കണമെന്ന ആശയത്തിന്റെ വലിയ പിന്തുണക്കാരനാണ്. മുൻ ആഴ്സനൽ പരിശീലകൻ കൂടിയായിരുന്ന അദ്ദേഹമാണ് ഇത്തരമൊരു ആശയം ഫുട്ബോൾ ലോകത്ത് സജീവമാക്കിയത്. ഫിഫക്കും ഇതിനോട് താല്പര്യമുണ്ടെങ്കിലും, പല മുൻ താരങ്ങളും, യുവേഫ അടക്കമുള്ള അസോസിയേഷനുകളും ഇതിനോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തെയാളാണ് തിയറി ഹെന്റി.

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഫുട്ബോൾ താരങ്ങളോട് ഫിഫ തിരക്കിയിട്ടുണ്ടോയെന്ന്, ഈ ആശയത്തെ പരസ്യമായി പിന്തുണച്ച മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പീറ്റർ ഷ്മൈക്കലിനോട് ചോദിക്കുന്ന ഹെന്റി, താൻ നാല് ലോകകപ്പുകളും, മൂന്ന് യൂറോകപ്പുകളും കളിച്ചയാളാണെന്നും മാനസികമായി തകർന്നാണ് താൻ ആ ടൂർണമെന്റുകളിൽ നിന്ന് പുറത്ത് വന്നതെന്നും അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവെ വ്യക്തമാക്കിം

ലോകകപ്പിൽ കളിക്കുന്ന മത്സരങ്ങളല്ല മറിച്ച് അതിനായുള്ള തയ്യാറെടുപ്പുകളാണ് കളികാരെ അലട്ടുകയെന്ന് പറയുന്ന ഹെന്റി ഓരോ രണ്ട് വർഷങ്ങളിലും ലോകകപ്പ് കളിക്കുന്നത് താരങ്ങളെ മാനസികമായി വളരെയധികം ബുദ്ധിമുട്ടിക്കുമെന്നും ചൂണ്ടിക്കാട്ടി. മാനസികക്ഷേമം ലഭിക്കുന്നതിനായി ഓരോ പ്രധാന ടൂർണമെന്റുകൾക്ക് ശേഷവും 25 ദിവസം ഇടവേള വേണമെന്ന ആഴ്സിൻ വെംഗറുടെ നിർദ്ദേശത്തോടും സംസാരത്തിനിടെ ഹെന്റി പ്രതികരിച്ചു.

കളിച്ചു കൊണ്ടിരുന്ന സമയത്ത് ടൂർണമെന്റുകൾക്ക് ശേഷം പഴയ പോലെയാവാൻ തനിക്ക് 25ലധികം ദിവസങ്ങളെടുത്തിരുന്നുവെന്നാണ് ഹെന്റി വ്യക്തമാക്കുന്നത്. ആഴ്സീൻ നിർദ്ദേശിക്കുന്ന 25 ദിവസങ്ങൾ ശാരീരികമായി നിങ്ങളെ വീണ്ടെടുക്കാൻ സഹായിക്കുമെന്നും എന്നാൽ മാനസികമായി നിങ്ങളെ വീണ്ടെടുക്കാൻ അത് മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

facebooktwitterreddit