'വിട്ടുനൽകാൻ ഞങ്ങളൊരുക്കമല്ല' - റയൽ മാഡ്രിഡിനു മുന്നറിയിപ്പുമായി ചെൽസി പ്രതിരോധതാരം തിയാഗോ സിൽവ
By Sreejith N

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു മത്സരങ്ങളും അവർക്ക് വലിയ തിരിച്ചടി സമ്മാനിക്കുന്നതായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോഡിനോട് ഒന്നിനെതിരെ നാലു ഗോളുകളുടെ തോൽവി നേരിട്ട ടീം അതിനു പിന്നാലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിലും ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങി.
ബെൻസിമയുടെ ഹാട്രിക്കിന്റെ കരുത്തിൽ സ്റ്റാംഫോഡ് ബ്രിഡ്‌ജിൽ നടന്ന പോരാട്ടത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയതോടെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്‌തമിച്ചിട്ടുണ്ട്. അടുത്ത മത്സരം റയൽ മാഡ്രിഡിന്റെ മൈതാനത്താണെന്നത് അവർക്കു തിരിച്ചടി നൽകുന്നു. എന്നാൽ ആദ്യപാദത്തിലെ കനത്ത തോൽവിയിലും വിട്ടുകൊടുക്കാൻ തങ്ങളൊരുക്കമല്ലെന്നാണ് ചെൽസി ഡിഫൻഡർ തിയാഗോ സിൽവ പറയുന്നത്.
Losers are those who give up on fighting. And we won’t give up. We will stand back up as many times as needed. pic.twitter.com/Eeu4G8gcX8
— Thiago Silva (@tsilva3) April 7, 2022
"പരാജിതർ പോരാട്ടം ഉപേക്ഷിക്കുന്നവരാണ്. പക്ഷെ ഞങ്ങൾ വിട്ടുകൊടുക്കാൻ ഒരുക്കമല്ല. ഞങ്ങൾ ആവശ്യമുള്ളപ്പോൾ എത്ര തവണ വേണമെങ്കിലും നേരെ നിന്നു പൊരുതാൻ തയ്യാറാണ്." തന്റെ ട്വിറ്റർ അക്കൗണ്ടിലെ ഫോട്ടോ പോസ്റ്റിനൊപ്പം തിയാഗോ സിൽവ കുറിച്ചു.
എവേ ഗോൾ നിയമം എടുത്തു കളഞ്ഞതിനാൽ അടുത്ത മത്സരത്തിൽ രണ്ടു ഗോളുകളുടെ ലീഡ് ഉണ്ടാക്കിയാൽ ചെൽസിക്ക് സെമി ഫൈനൽ സാധ്യതകൾ സ്വപ്‌നം കാണാം. എന്നാൽ റയൽ മാഡ്രിഡിന്റെ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.