നെയ്‌മറോട് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ട് തിയാഗോ സിൽവ
By Vaisakh. M

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, താരത്തിനോട് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ട് തിയാഗോ സിൽവ.
നെയ്‌മറിന്റെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ-ഖലൈഫിയുടെ പുതിയ പ്രതികരണം താരത്തെ ചൊടിപ്പിച്ചിരുന്നു. നെയ്മർ പിഎസ്‌ജിയിൽ തുടരുമോയെന്ന ചോദ്യത്തിനു സ്ഥിരീകരണം നൽകാതിരുന്നത് താരത്തിന്റെ ഭാവിയിൽ അനിശ്ചിതത്വവും, ട്രാൻഫർ അഭ്യൂഹങ്ങൾക്കു ശക്തി പകരുകയുമായിരുന്നു.
അഭ്യൂഹങ്ങളല്ലാതെ ചെൽസിയിലേക്കുള്ള ട്രാൻഫർ സംബന്ധിച്ച് നീക്കങ്ങൾ ഒന്നുമുണ്ടായിട്ടില്ല. നെയ്‌മർ ചേക്കേറാൻ സാധ്യതയുള്ള ക്ലബ്ബായി ചെൽസി ഉയർന്നു വരുന്നത് ചെൽസി ക്യാപ്റ്റനായ തിയാഗോ സിൽവ സ്വാഗതം ചെയ്യുന്നു.
"അവൻ ചെൽസിയിലേക്ക് പോകണം. അത് സംഭവിക്കുകയാണെങ്കിൽ, അത് മികച്ചതായിരിക്കും. മറ്റൊന്നും പറയേണ്ടതില്ല. ഇതുവരെ, എനിക്ക് ഒന്നും അറിയില്ല, പക്ഷേ അത് ഫലവത്താകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സിൽവ പറഞ്ഞു.
പിഎസ്‌ജിയുമായി ഇനിയും 5 വർഷത്തെ കരാർ ബാക്കിയുള്ള നെയ്മറിനെ സൈൻ ചെയ്യാൻ ചെൽസി പരിശീലകൻ തോമസ് ടൂഷേലിന് താത്പര്യമില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ ആക്രമണനിര ശക്തമാക്കാൻ ടൂഷേൽ റഹീം സ്റ്റെർലിംഗിന് വേണ്ടിയും ശ്രമമാരംഭിച്ചിട്ടുണ്ട്.
ബാഴ്സലോണയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ ഉസ്മാൻ ഡെമ്പെലെക്കായും ചെൽസി താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം എവർട്ടണിൽ നിന്നും റിചാർളിസൺ, അയാക്സിൽ നിന്നും ആന്റണി എന്നിവരും ചെൽസിയുടെ പരിഗണനയിലുണ്ട്.