നെയ്മർക്ക് ഫുട്ബോളിൽ നിന്നും ലഭിക്കുന്ന സന്തോഷം ഒരിക്കലും അവസാനിക്കില്ലെന്നു കരുതുന്നതായി തിയാഗോ സിൽവ


ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളായ നെയ്മർക്ക് അടുത്ത കാലത്തായി ആരാധകരിൽ നിന്നും ഏറ്റുവാങ്ങേണ്ടി വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബ്രസീൽ ടീമിലെ സഹതാരമായ തിയാഗോ സിൽവ. നെയ്മർ വളരെയധികം പ്രത്യേകതകളുള്ള ഒരു കുട്ടിയാണെന്നും, താരത്തിന് ഫുട്ബോളിൽ നിന്നും ലഭിക്കുന്ന സന്തോഷം ഒരിക്കലും അവസാനിക്കില്ലെന്നു കരുതുന്നതായും സിൽവ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഭാവിയിൽ ഫുട്ബോളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ 2022 ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പായിരിക്കാൻ സാധ്യതയുണ്ടെന്ന് നെയ്മർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ താരം മോശം പ്രകടനം നടത്തുകയും ബ്രസീൽ യോഗ്യത റൗണ്ടിൽ ആദ്യമായി പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നെയ്മർക്കു നേരെയുള്ള വിമർശനം ശക്തമായത്.
Thiago Silva hopes 'special kid' Neymar 'doesn't lose his joy' for football https://t.co/zy5nmSZCo3
— MailOnline Sport (@MailSport) October 13, 2021
"നെയ്മറെപ്പോലെ തന്നെ ദേശീയ ടീമിൽ ഞാനും വളരെ മോശം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും 2014ലെ ലോകകപ്പിനു ശേഷം എന്നെ കരയുന്ന കുട്ടിയെന്നും മാനസികമായ കരുത്തു വളരെ വളരെ ദുർബലമായ താരമെന്നും വിളിച്ചിരുന്നു. ഇതു നിങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്, വിളിക്കപ്പെട്ടതല്ല നിങ്ങളെന്നു നിങ്ങൾക്കറിയാം."
"നെയ്മർക്ക് ഈ സന്തോഷം നഷ്ടപ്പെടില്ലെന്ന് ഞാൻ കരുതുന്നു. താരം ഇപ്പോഴുള്ളതു പോലെ എല്ലായിപ്പോഴും സന്തോഷത്തോടെ തന്നെ തുടരുമെന്നും. വളരെ പ്രത്യേകതകളുള്ള കുട്ടിയാണവൻ, സന്തോഷത്തോടു കൂടെയിരിക്കുമ്പോൾ, ഇഷ്ടപ്പെട്ടതു ചെയ്യുമ്പോൾ, അവൻ വേണ്ടതെല്ലാം നൽകുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തിയാഗോ സിൽവ പറഞ്ഞു.
ഈ സീസണിൽ നടത്തുന്ന മോശം പ്രകടനത്തിന്റെ പേരിൽ പിഎസ്ജി മുൻ താരങ്ങൾ അടക്കമുള്ളവർ നെയ്മർക്കു നേരെ വിമർശനം ഉയർത്തുന്നതിന് ഇടയിലാണ് ബ്രസീലിയൻ ആരാധകരും താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. എന്നാൽ പ്രതിഭയുള്ള താരം അതിനെ മറികടന്ന് തിരിച്ചു വരുമെന്നു തന്നെയാണ് നെയ്മറുടെ കടുത്ത ആരാധകർ വിശ്വസിക്കുന്നത്.