Football in Malayalam

മെസിയും റൊണാൾഡോയും ആദ്യ സ്ഥാനങ്ങളിൽ, കരിയറിൽ നേരിട്ട ഏറ്റവും കടുപ്പമേറിയ പത്ത് എതിരാളികളെ തിരഞ്ഞെടുത്ത് തിയാഗോ സിൽവ

Sreejith N
Brazil v Argentina - FIFA 2018 World Cup Qualifiers
Brazil v Argentina - FIFA 2018 World Cup Qualifiers / Brazil Photo Press/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരമായ തിയാഗോ സിൽവയെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. വളരെ പ്രൊഫെഷണൽ സമീപനത്തോടെ കരിയർ മുന്നോട്ടു കൊണ്ടു പോകുന്നതു കൊണ്ടു തന്നെയാണ് മുപ്പത്തിയാറാം വയസിലും കളിക്കുന്ന ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നത്.

എസി മിലാൻ, പിഎസ്‌ജി എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള തിയാഗോ സിൽവ നിലവിൽ ചെൽസി പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യമാണ്. സുദീർഘമായ കരിയറിൽ നിരവധി സൂപ്പർതാരങ്ങളെ നേരിട്ടുള്ള സിൽവ കഴിഞ്ഞ ദിവസം ചെൽസി വെബ്‌സൈറ്റിനോട് സംസാരിക്കുമ്പോൾ താൻ നേരിട്ടതിൽ ഏറ്റവും മികച്ച താരങ്ങളെ വെളിപ്പെടുത്തി. മെസിയും റൊണാൾഡൊയും ആദ്യ സ്ഥാനങ്ങളിലുള്ള ലിസ്റ്റിൽ പത്ത് കളിക്കാരെ വെളിപ്പെടുത്തിയ സിൽവ അവർ മികച്ചതാവാനുള്ള കാരണവും വ്യക്തമാക്കി.

കെയ്‌ലിയൻ എംബാപ്പെ, ദിദിയർ ദ്രോഗ്ബ, ഏഞ്ചൽ ഡി മരിയ, റോബർട്ടോ ഫിർമിനോ, റൊമാരിയോ, അഡ്രിയാനോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, നെയ്‌മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നീ താരങ്ങളാണ് താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയവരെന്നാണ് സിൽവ പറയുന്നത്. സാങ്കേതിക മികവും അസാമാന്യമായ ലെഫ്റ്റ് ഫുട്ടും ഡി മരിയയെ മികച്ചതാക്കുമ്പോൾ കായികശേഷിയും കരുത്തുമാണ് മുൻ ചെൽസി താരമായ ദ്രോഗ്ബയുടെ കഴിവെന്നാണ് സിൽവ പറയുന്നത്.

വേഗതയും സാങ്കേതികത്വവും എംബാപ്പയെ മുന്നിലെത്തിക്കുമ്പോൾ ഫിർമിനോ വളരെയധികം ബുദ്ധിപരമായി കളിക്കളത്തിൽ ഇടപെടുന്ന താരമാണെന്നാണ് സിൽവ അഭിപ്രായപ്പെട്ടത്. അതേസമയം മുൻ ബാഴ്‌സലോണ താരവും ബ്രസീലിയൻ ഇതിഹാസവുമായ റൊമാരിയോയെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ബോക്‌സിനുള്ളിൽ ഏറ്റവും മികച്ച താരമെന്നും സിൽവ വിശേഷിപ്പിച്ചു.

ദ്രോഗ്ബയെപ്പോലെ കരുത്തനായ അഡ്രിയാനോയുടെ മാരകശേഷിയുള്ള ഇടംകാൽ ഷോട്ടിനെക്കുറിച്ച് പരാമർശിച്ച സിൽവ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തന്നെയും മറ്റനേകം പേരെയും പ്രചോദിപ്പിച്ച, ഇപ്പോഴും നിരവധി പേരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണെന്നാണ് പറഞ്ഞത്. ഉയർന്ന ഗുണവും ബുദ്ധിയുമുള്ള നെയ്‌മർക്ക് ഒന്നുമില്ലായ്മയിൽ നിന്നും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന മാജിക്കൽ ശേഷിയുണ്ടെന്നും തിയാഗോ വെളിപ്പെടുത്തി.

സമകാലീന ഫുട്ബാളിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രൊഫെഷണലിസവും ആത്മാർത്ഥതയും ഫുട്ബോളിനോടുള്ള അഭിനിവേശവും സ്വന്തമാക്കിയ നേട്ടങ്ങളുമെല്ലാം സിൽവയെ പ്രചോദിപ്പിക്കുമ്പോൾ ലയണൽ മെസിക്ക് ദൈവം വരദാനമായി നൽകിയ അവിശ്വസനീയ കഴിവുകളാണ് താരത്തെ മികച്ചതാക്കുന്നതെന്ന് സിൽവ പറഞ്ഞു. തന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരം അർജന്റീന നായകനാണെന്നും സിൽവ കൂട്ടിച്ചേർത്തു.

facebooktwitterreddit