Football in Malayalam

മെസിയെക്കാൾ എളുപ്പത്തിൽ റൊണാൾഡോയെ തടുക്കാൻ കഴിയുമെന്ന് തിയാഗോ സിൽവ

Sreejith N
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / NELSON ALMEIDA/GettyImages
facebooktwitterreddit

എസി മിലാൻ, പിഎസ്‌ജി, ബ്രസീൽ എന്നീ ടീമുകൾക്കൊപ്പമുള്ള കരിയറിൽ നിരവധി വമ്പൻ താരങ്ങളെ എതിരിട്ടിട്ടുള്ള കളിക്കാരനാണ് തിയാഗോ സിൽവ. തന്റെ മുപ്പത്താറാം വയസിലും ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡറായി തുടരുന്ന സിൽവ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോക്കെതിരെ വീണ്ടുമൊരിക്കൽ കൂടി കളിച്ചിരുന്നു.

മത്സരത്തിനു മുന്നോടിയായി ലോകഫുട്ബോളിലെ തന്നെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്കെതിരെ കളിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും തിയാഗോ സിൽവ പറഞ്ഞു. ഒരു പ്രതിരോധതാരമെന്ന നിലയിൽ മെസിയെ തടുക്കന്നതിനേക്കാൾ എളുപ്പമാണ് റൊണാൾഡോയെ തടുക്കാനെന്നാണ് സിൽവ പറയുന്നത്.

"മെസിക്കുള്ള ചെറിയ വ്യത്യാസമെന്താണെന്നു വെച്ചാൽ ബോൾ വൺ ഓൺ വണ്ണിലാകുമ്പോഴും ടു ഓൺ വണ്ണിലാകുമ്പോഴും മെസിയെ തടുക്കുക പ്രയാസമാണ്. റൊണാൾഡോയാകുമ്പോൾ, ഞാനത് എളുപ്പമാണെന്നു പറയുന്നില്ല, പക്ഷെ ഒരാൾക്ക് മാർക്ക് ചെയ്യുകയും മറ്റൊരാൾക്ക് അതിനെ പിന്തുടരുകയും ചെയ്യാം. അത് പിൻനിരയിൽ കൂടുതൽ സുരക്ഷിതത്വം നൽകും."

"എന്തായാലും മെസിയും റൊണാൾഡോയും അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നതിനു കഴിവുള്ള താരങ്ങളാണ്, നെയ്‌മറും അതുപോലെത്തന്നെയാണ്. എന്തായാലും ഞാൻ വിശ്വസിക്കുന്നത് റൊണാൾഡൊക്കെതിരെ പ്രതിരോധിക്കുന്നതിനേക്കാൾ കടുപ്പമാണ് മെസിയെ പ്രതിരോധിക്കുന്നതെന്നാണ്," ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനു മുൻപ് സിൽവ ഇഎസ്‌പിഎന്നിനോട് പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ ചെൽസിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയിരുന്നു. എന്നാൽ ചെൽസിയുടെ വല കുലുക്കാൻ താരത്തിനു കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി സാഞ്ചോയും ചെൽസിക്കു വേണ്ടി ജോർജിന്യോയും ലക്ഷ്യം കണ്ട മത്സരം സമനിലയിലാണ് അവസാനിച്ചത്.


facebooktwitterreddit