ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ രീതിയിൽ മാറ്റം വരുത്തണമെന്ന് തിയാഗോ സിൽവ


ലാറ്റിനമേരിക്കൻ ടീമുകളുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ബ്രസീൽ ടീം നായകനായ തിയാഗോ സിൽവ. നിലവിലെ രീതി താരങ്ങൾക്ക് വളരെ കടുപ്പമാണെന്നും യൂറോപ്പിൽ കളിക്കുന്ന താരങ്ങൾ ലാറ്റിനമേരിക്കയിൽ വന്നു മറ്റൊരു കാലാവസ്ഥയിൽ കളിക്കുന്നത് ദുഷ്കരമാണെന്നും സിൽവ പറഞ്ഞു.
നിലവിൽ പത്തു ലാറ്റിനമേരിക്കൻ ടീമുകളും ഒരു ഗ്രൂപ്പിൽ ഹോം എവേ മത്സരങ്ങൾ കളിച്ച് ആദ്യ നാല് സ്ഥാനക്കാരാണ് ലോകകപ്പ് കളിക്കാൻ യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാർക്ക് ഏഷ്യൻ ടീമുമായി പ്ലേ ഓഫ് കളിച്ചും യോഗ്യത നേടാൻ അവസരമുണ്ട്. ലോകകപ്പ് യോഗ്യതക്കു വേണ്ടി ഒരു ടീം പതിനെട്ടോളം മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനെയാണ് സിൽവ ചോദ്യം ചെയ്യുന്നത്.
"അതിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്, കാലാവസ്ഥ ഉൾപ്പെടെയുള്ളത്. യൂറോപ്പിൽ നിന്നും വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ്. എനിക്കും ടീമിനും ടെറേസോപോളിൽ പരിശീലനം നടത്തേണ്ടി വന്നത് കടുപ്പമേറിയ അനുഭവം ആയിരുന്നു. അത് റിയോ ഡി ജനീറോയെക്കാൾ തണുപ്പേറിയ പ്രദേശമാണ്, ടീമിന്റെ പ്രകടനത്തെ അത് ബാധിക്കുന്നുണ്ട്."
"ഈ യാത്രക്കിടയിൽ എങ്ങിനെയെങ്കിലും ഒരു ബാലൻസ് കണ്ടെത്താൻ കഴിഞ്ഞാൽ അത് ഞങ്ങളുടെ താമസത്തിനും പ്രകടനത്തിനും സഹായിക്കും. എന്റെ അഭിപ്രായത്തിൽ ഇതെല്ലാം തീർച്ചയായും അനാവശ്യമായ ബുദ്ധിമുട്ടുകൾ തന്നെയാണ്." ബ്രസീലിയൻ മാധ്യമമായ ഗ്ലോബോസ്പോർട്ടിനോട് സംസാരിക്കേ തിയാഗോ സിൽവ പറഞ്ഞു.
ചിലിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയ ബ്രസീൽ അടുത്ത മത്സരത്തിൽ സമുദ്രനിരപ്പിൽ നിന്നും 3500 മീറ്റർ ഉയരമുള്ള സ്റ്റേഡിയത്തിൽ ബൊളീവിയയെ നേരിടാൻ തയ്യാറെടുക്കയാണ്. 2026ൽ നടക്കുന്ന ലോകകപ്പ് 48 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് എന്നതിനാൽ അതിൽ യോഗ്യത മത്സരങ്ങളുടെ സ്വഭാവം മാറ്റണമെന്നാണ് സിൽവ ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.