Liverpool News

ഒപ്പം കളിച്ചവരിൽ ഏറ്റവും മികച്ച മധ്യനിരതാരങ്ങളിൽ ഒരാളാണ് ജോർദാൻ ഹെൻഡേഴ്‌സണെന്ന് തിയാഗോ അൽകന്റാര

Vaisakh. M
Thiago had high praise for Henderson
Thiago had high praise for Henderson / Clive Brunskill/GettyImages
facebooktwitterreddit

ലിവർപൂളിലെ സഹതാരവും ക്യാപ്റ്റനുമായ ജോർദാൻ ഹെൻഡേഴ്സനു പ്രശംസയുമായി മധ്യനിരതാരം തിയാഗോ അൽകന്റാര. താൻ ഒപ്പം കളിച്ചവരിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഹെൻഡേഴ്സണെന്ന് ലിവർപൂളിന്റെ ജേഴ്സി നിർമാതാക്കളായ നൈക്കിക്കു നൽകിയ അഭിമുഖത്തിൽ തിയാഗോ പറഞ്ഞു.

2011ലാണ് ഹെൻഡേഴ്സൻ സണ്ടർലാൻഡിൽ നിന്നും ലിവർപൂളിലേക്ക് ചേക്കേറുന്നത്. ലിവർപൂളിനായി തന്റെ കരിയറിന്റെ സിംഹഭാഗവും അദ്ദേഹം കളിച്ചു. യർഗൻ ക്ളോപ്പിന്റെ വരവിൽ തുടക്കത്തിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും പിന്നീട് ടീമിന്റെ നേട്ടങ്ങളിൽ അവിഭാജ്യഘടകമായി ലിവർപൂളിന്റെ എക്കാലത്തെയും മികച്ച മധ്യനിരതാരങ്ങളിലൊരാളായി ഹെൻഡേഴ്സൻ വളരുകയായിരുന്നു.

ലിവർപൂളിന് വേണ്ടിയുള്ള തന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്ന ഹെൻഡേഴ്സന്റെ നേട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നൈക്കി നിർമിക്കുന്ന ഡോക്യുമെന്ററിക്കു വേണ്ടിയാണു തിയാഗോ താരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

കരിയറിൽ നിരവധി മികച്ച മധ്യനിരതാരങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് തിയാഗോ. ബാഴ്സലോണയിൽ സാവി, ഇനിയേസ്റ്റ, ബുസ്കെറ്റ്സ്, ഫാബ്രിഗാസ് എന്നിവർക്കൊപ്പവും ബയേണിൽ ബാസ്റ്റ്യൻ ഷെയ്ൻസ്റ്റീഗർ, ടോണി ക്രൂസ്, സാബി അലോൺസോ, ജോഷ്വാ കിമ്മിച്ച് എന്നിവർക്കൊപ്പവും കളിച്ച താരമാണ് തിയാഗോ. അങ്ങനെ താൻ കളിച്ച നിരവധി മധ്യനിരതാരങ്ങളിലെ ഏറ്റവും മികച്ചവർക്കൊപ്പമാണ് ഹെൻഡേഴ്സനെയും തിയാഗോ ഉയർത്തിപ്പിടിക്കുന്നത്.

"കളിയുടെ ചില ഘട്ടങ്ങളിൽ ടീമിന് ആവശ്യമായ തീവ്രത അദ്ദേഹം ഞങ്ങളിലേക്ക് കൊണ്ടുവരുന്നു. കളി മുഴുവനും അദ്ദേഹത്തിന്റെ ഈ തീവ്രത പ്രകടമാണ്. എന്റെ ജീവിതത്തിൽ ഞാൻ കളിച്ചിട്ടുള്ള മധ്യനിരയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. "

തിയാഗോ അൽകന്റാര

ബയേണിൽ നിന്നും 2020ൽ അപ്രതീക്ഷിതമായാണ് തിയാഗോ ലിവർപൂളിലേക്ക് ചേക്കേറുന്നത്. ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും കഴിഞ്ഞ സീസണിൽ ക്ളോപ്പിന് കീഴിൽ മികച്ച തിരിച്ചുവരവ് നടത്താൻ താരത്തിനു സാധിച്ചിരുന്നു. മികച്ച പ്രകടനത്തിന്റെ ബലത്തിൽ 2021-22 സീസണിലെ പ്രീമിയർ ലീഗ് ടീം ഓഫ്‌ ദ ഇയറിൽ ഇടം നേടാനും താരത്തിനു സാധിച്ചു.


facebooktwitterreddit