തിയാഗോ അൽകൻടാര മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിയോ ഫെര്‍ഡിനാന്റ്

ലിവര്‍പൂളിന്റെ സ്പാനിഷ് താരം തിയാഗോ അൽകൻടാര മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി റിയോ ഫെര്‍ഡിനാന്റ്. ബുണ്ടസ്ലിഗയില് കളിച്ചിരുന്ന തിയാഗോ ബയേണ്‍ മ്യൂണിക്ക് വിടാന്‍ തീരുമാനിച്ച സമയത്തായിരുന്നു യുണൈറ്റഡില്‍ കളിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചതെന്ന് വൈബ് വിത്ത് ഫൈവിലൂടെ ഫെര്‍ഡിനാന്റ് വ്യക്തമാക്കിയത്.
2020ലായിരുന്നു തിയാഗോ ബയേണ്‍ വിട്ട് ലിവര്‍പൂളിലെത്തിയത്. എന്നാല്‍ ലിവര്‍പൂളിലെത്തിയ സമയത്ത് ഫോം കണ്ടെത്താന്‍ കഴിയാത്ത തിയാഗോ ഇപ്പോള്‍ ക്ലോപ്പിന്റെ വിശ്വസ്ത താരവും ടീമിലെ പ്രധാന സാന്നിധ്യവുമാണ്.
"നിങ്ങള്‍ തിയാഗോയുടെ കണക്കുകളിലേക്ക് നോക്കൂ. അവസാനമായി അദ്ദേഹം കളിച്ച രണ്ട് മത്സരത്തിലെ കണക്കുകള്‍ മതിപ്പുളവാക്കുന്നതാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ 98.4ഉം എവര്‍ട്ടണെതിരേ 95.6 മാണ് താരത്തിന്റെ പാസിങ് അക്യൂറസി. ഞാൻ അവനോട് ആ സമയത്ത് സംസാരിച്ചിരുന്നു (ബയേൺ വിടുന്ന സമയത്ത്). അവൻ നന്നായി ഇംഗ്ലീഷ് സംസാരിക്കും, വളരെ മികച്ചവനാണ്, അവന് യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഇപ്പോൾ അവനെ നോക്കു, അവൻ ഇതിനേക്കാൾ സന്തോഷവാൻ ആയിരിക്കാൻ കഴിയില്ല" ഫെര്‍ഡിനാന്റ് വ്യക്തമാക്കി.
പ്രീമിയർ ലീഗ് കളിക്കാർക്കും മാനേജർമാർക്കും ലീഗുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമായി വരുന്നത് എന്തുകൊണ്ടെന്നതിന്റെ മികച്ച ഉദാഹരണമാണ് തിയാഗോയെന്നും ഫെർഡിനാന്റ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം ജേഡന്‍ സാഞ്ചോയും ഇതേ പ്രശ്നമാണ് അഭിമുഖീകരിക്കുന്നതെന്നാണ് ഫെര്‍ഡിനാന്റിന്റെ വാദം. അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെട്ട സാഞ്ചോയെയാകും കാണുകയെന്നും ഫെർഡിനാന്റ് ഉറപ്പിച്ച് പറഞ്ഞു.
അതേ സമയം, ലിവര്‍പൂളിനായി 61 മത്സരങ്ങളാണ് തിയാഗോ ഇത് വരെ കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 30 മത്സരങ്ങളിൽ നിന്ന് ഒരു ഗോള്‍ സ്കോര്‍ ചെയ്ത തിയാഗോക്ക് കാല്‍മുട്ടിനേറ്റ പരുക്കും കോവിഡുമായിരുന്നു വിനയായത്. ഈ സീസണില്‍ ഇപ്പോള്‍ 31 മത്സരങ്ങള്‍ തിയാഗോ കളിച്ചിട്ടുണ്ട്. സീസണിന്റെ തുടക്കത്തില്‍ ഫിറ്റ്നസ് പ്രശ്നം നേരിട്ടിരുന്നെങ്കിലും അതിനെ മറികടന്ന തിയാഗോ ലിവര്‍പൂള്‍ സംഘത്തിലെ പ്രധാനിയാണിപ്പോള്.