Football in Malayalam

ലിവർപൂളിലെത്തിയതിനു ശേഷമുള്ള തന്റെ പ്രകടനങ്ങളിൽ തൃപ്തിയില്ലെന്ന് തിയാഗോ അൽകാൻട്ര

Sreejith N
Liverpool v Everton - Premier League
Liverpool v Everton - Premier League / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും ബയേണിന് സ്വന്തമാക്കി കൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ച താരമായതു കൊണ്ടു തന്നെ തിയാഗോ അൽകാൻട്ര ലിവർപൂളിലേക്ക് ചേക്കേറുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകളായിരുന്നു. പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മികച്ച ഫോമിൽ നിൽക്കുന്ന ലിവർപൂളിന് തിയഗോയുടെ സാന്നിധ്യം കൂടുതൽ കരുത്തു പകരുമെന്നാണ് ആരാധകർ കരുതിയതെങ്കിലും അതിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിയുന്നില്ലെന്നാണ് സത്യം.

ലിവർപൂളിന്റെയും തിയാഗോയുടെയും കേളീശൈലിയിലുള്ള വ്യത്യാസവും കോവിഡ് ബാധിച്ചതും പരിക്കുമെല്ലാം പ്രീമിയർ ലീഗിൽ താരത്തിന്റെ ആദ്യ സീസണ് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ അതൊന്നും ഒരു ഒഴികഴിവല്ലെന്നും തന്റെ പ്രകടനത്തിൽ തനിക്കു തന്നെ പൂർണമായും തൃപ്‌തി തോന്നുന്നില്ലെന്നുമാണ് തിയാഗോ കഴിഞ്ഞ ദിവസം ടിഎൻടി സ്‌പോർട് ബ്രസീലിനോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

"ആളുകൾ എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നതിനെക്കുറിച്ച് ഒരു വാക്കു പോലും ഞാൻ വായിക്കാറില്ല. എന്റെ പ്രകടനവുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ എനിക്കെതിരെ ഉയരുന്നുണ്ടെന്ന് കൃത്യമായ ബോധ്യമുണ്ട്. എന്നാൽ ലിവർപൂളിൽ എത്തിയതിനു ശേഷം എന്റെ പ്രകടനത്തിൽ ഞാനും തൃപ്തനല്ല."

"പുതിയ ക്ലബ്, അസാധാരണമായ സാഹചര്യം, വലിയൊരു പരിക്ക് എന്നിവയെല്ലാം കൊണ്ട് കളിയുടെ താളം വീണ്ടെടുക്കുക പ്രയാസകരമാണ്. എന്നാൽ അതൊരിക്കലും ഒരു ഒഴികഴിവായി പറയാൻ പറ്റില്ല," തിയാഗോ വ്യക്തമാക്കി.

തിയഗോക്കെതിരെ ഉയരുന്ന പ്രധാന വിമർശനം താരം ലിവർപൂളിന്റെ മുന്നേറ്റങ്ങളുടെ വേഗത കുറക്കുന്നുവെന്നതാണ്. തന്റെ സ്വാഭാവികമായ ശൈലിയിലും പൊസിഷനിലും കളിക്കാൻ കഴിയാത്തതിന്റെ പ്രശ്നം താരം നേരിടുന്നുണ്ടെങ്കിലും കൂടുതൽ മത്സരങ്ങൾ കഴിയുന്നതോടെ അതിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

facebooktwitterreddit