Football in Malayalam

ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളോടു പ്രതികരിച്ച് ലിവർപൂൾ താരം തിയാഗോ അൽകാൻട്ര

Sreejith N
Liverpool v Crystal Palace - Premier League
Liverpool v Crystal Palace - Premier League / Gareth Copley/GettyImages
facebooktwitterreddit

ബാഴ്‌സലോണയിലേക്ക് തിരികെയെത്താനുള്ള സാധ്യതകളെപ്പറ്റി പ്രതികരിച്ച് ലിവർപൂൾ മധ്യനിരതാരം തിയാഗോ അൽകാൻട്ര. തന്റെ ഭാവിയുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങൾ ശ്രദ്ധിക്കാൻ താൽപര്യമില്ലെന്നും പുതിയ ക്ലബിലും ലീഗിലും കിരീടങ്ങൾ നേടുന്നതിലാണ് ഇപ്പോൾ താൽപര്യമെന്നും താരം പറഞ്ഞു.

ലാ മാസിയ അക്കാദമിയിലൂടെ ഉയർന്നു വന്ന താരമായ തിയാഗോ ബാഴ്‌സലോണയിൽ സാവിക്കൊപ്പം കളിച്ചിട്ടുള്ള താരമാണ്. എന്നാൽ സാവി, ഇനിയേസ്റ്റ, ബുസ്‌ക്വറ്റ്സ് ത്രയം വാണിരുന്ന ബാഴ്‌സ മധ്യനിരയിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ക്ലബ് വിട്ട താരം സാവി പരിശീലകനായി എത്തിയതോടെ ടീമിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

"ഞാൻ ഫുട്ബോൾ കളിക്കുകയാണ്, അഭ്യൂഹങ്ങളെ കുറിച്ച് യാതൊരു തരത്തിലും ആശങ്കപ്പെടുന്നില്ല. ടീമിലുള്ള ചുമതലയിലും എന്റെ കരാറിലുമാണ് ഞാൻ ശ്രദ്ധിക്കുന്നത്. പ്രീമിയർ ലീഗിൽ പുതിയൊരു തുടക്കം കുറിച്ച ഞാൻ സാധ്യമായ എല്ലാ കിരീടങ്ങളും നേടാനാണ് ശ്രമിക്കുന്നത്," തിയാഗോ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.

ബാഴ്‌സലോണയിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ തിയാഗോ പൂർണമായും തള്ളിയില്ലെന്നത് ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് പ്രതീക്ഷയാണ്. ബയേൺ മ്യൂണിക്കിൽ നിന്നും പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം ഇതുവരെയും തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ താരത്തിനു കഴിഞ്ഞിട്ടില്ല എന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം.

2020 സമ്മറിൽ ലിവർപൂളിൽ എത്തിയതിനു ശേഷം 38 മത്സരങ്ങൾ കളിച്ച തിയാഗോ 34 മത്സരങ്ങളിൽ പരിക്കടക്കമുള്ള പ്രശ്‌നങ്ങൾ മൂലം പുറത്തിരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സീസണിൽ വെറും മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് തിയഗോക്ക് ആദ്യ ഇലവനിൽ ഇടം ലഭിച്ചിരിക്കുന്നത്.


facebooktwitterreddit