Football in Malayalam

എസ്‌പാന്യോളിനെതിരായ ബാഴ്‌സലോണ ടീമിൽ ചില സർപ്രൈസുകൾ ഉണ്ടാകുമെന്ന് സാവി

Sreejith N
Xavi Hernandez Unveiled As New FC Barcelona FC Head Coach
Xavi Hernandez Unveiled As New FC Barcelona FC Head Coach / David Ramos/GettyImages
facebooktwitterreddit

ബാഴ്‌സലോണ പരിശീലകനായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം സാവി തന്റെ ആദ്യത്തെ മത്സരത്തിനുള്ള ടീമിനെ ഇന്നു രാത്രി കളത്തിലിറക്കാൻ പോവുകയാണ്. കാറ്റലോണിയയിലെ തന്നെ മറ്റൊരു ടീമായ എസ്പാന്യോളാണ് ബാഴ്‌സ മാനേജറായതിനു ശേഷമുള്ള സാവിയുടെ അരങ്ങേറ്റ മത്സരത്തിലെ എതിരാളികൾ. ടീമിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാവി ടീമിൽ ഏതാനും സർപ്രൈസുകൾ ഉണ്ടാകുമെന്നു മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

"ആരു കളിക്കുമെന്നു നമുക്ക് പിന്നീടറിയാം, ഞങ്ങൾ ഇനിയും പരിശീലനം നടത്തുന്നുണ്ട്. ഞാനിതു വരെ ആദ്യ ഇലവൻ തീരുമാനിച്ചിട്ടില്ല, പരിശീലനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. യുവതാരങ്ങളിൽ എനിക്ക് മതിപ്പുണ്ട്. അൻസു ഫാറ്റി, ഒസ്മാനെ ഡെംബലെ, ബ്രൈത്ത്വൈറ്റ്, അഗ്യൂറോ എന്നീ താരങ്ങൾ ഞങ്ങൾക്കൊപ്പമില്ല."

"അവരുടെ അസാന്നിധ്യം കൊണ്ടു തന്നെ യുവതാരങ്ങളെ ഉപയോഗിക്കേണ്ടി വരും, എന്നാൽ അവർ തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്. ചില സർപ്രൈസുകൾ ചിലപ്പോൾ ഉണ്ടായേക്കും. ഇന്നു വൈകുന്നേരത്തെ പരിശീലന സെഷൻ കണ്ടതിനു ശേഷമേ അതേക്കുറിച്ച് തീരുമാനം എടുക്കുകയുള്ളൂ." സാവി മത്സരത്തിനു മുൻപേ മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സാവി പറഞ്ഞു. സ്വന്തം വീടു പോലെയുള്ള ഇവിടെ ഒരു പരിഭ്രമവും തനിക്ക് തോന്നുന്നില്ലെന്നും സന്തോഷവും ആവേശവുമാണ് തോന്നുന്നതെന്നും അദ്ദേഹം വെളിപ്പടുത്തി. ഒരു കളിക്കാരനെന്ന നിലയിൽ മൈതാനത്തു മികച്ച പ്രകടനം കാഴ്‌ച വെക്കേണ്ടതിന്റെ പരിഭ്രമം പരിശീലകനെന്ന നിലയിലില്ലെന്നും സാവി കൂട്ടിച്ചേർത്തു.

സ്പെയിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഗാവിയെപ്പറ്റി അദ്ദേഹം പ്രത്യേകം പരാമർശിച്ചു. പല പൊസിഷനുകളിലും കളിക്കാൻ കഴിയുന്ന താരത്തിന് പ്രധാന മത്സരങ്ങളിൽ തിളങ്ങാൻ കഴിയുന്നുണ്ടെന്ന് സാവി അഭിപ്രായപ്പെട്ടു. തന്റെ ആദ്യത്തെ സൈനിങായ ഡാനി ആൽവസ് ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ജനുവരി വരെ താരത്തിന് ബാഴ്‌സക്കൊപ്പം കളിക്കാൻ കഴിയില്ലെന്നത് നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.

facebooktwitterreddit